ലക്നൗ: ഉത്തർപ്രദേശിൽ പുതുചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്. തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആനന്ദിബെൻ പട്ടേൽ യോഗി ആദിത്യനാഥിന് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ 37 വർഷത്തിനിടെ, സംസ്ഥാനത്ത് ഭരണ കാലാവധി തികച്ച് വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.
ലക്നൗ അടൽ ബിഹാരി വാജ്‌പേയി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണു ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന ബിജെപി നേതാക്കൾ, ബോളിവുഡ് താരങ്ങൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
മുഖ്യമന്ത്രിയ്‌ക്കൊപ്പം 52 അംഗ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. രണ്ട് ഉപമുഖ്യമന്ത്രിമാരും 16 മന്ത്രിമാരും 14 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും അടങ്ങിയതാണ് മന്ത്രിസഭ. ബ്രജേഷ് പഥക്, തിരഞ്ഞെടുപ്പിൽ തോറ്റ കേശവ് പ്രസാദ് മൗര്യ എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റെടുത്തത്.
പ്രധാനമന്ത്രിയ്‌ക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. 403 അംഗ നിയമസഭയിൽ 255 സീറ്റുകളിൽ വിജയിച്ചാണു ബിജെപി അധികാരം നിലനിർത്തിയത്.
Post Your Comments