ചെന്നൈ: ഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നിലും വിജയം നേടിയതിന് പിന്നാലെ, ബിജെപിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ പാർലമെന്റിൽ മാപ്പ് പറഞ്ഞ് ഡിഎംകെ നേതാവും എംപിയുമായ സെന്തിൽ കുമാർ. തുടർന്ന്, സെന്തിൽ കുമാർ തന്റെ വിവാദ പരാമർശം പിൻവലിച്ചു.
‘ഇന്നലെ ഞാൻ അശ്രദ്ധമായി നടത്തിയ പ്രസ്താവന, അംഗങ്ങളുടെയും ജനവിഭാഗങ്ങളുടെയും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അത് പിൻവലിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. വാക്കുകൾ മായ്ച്ചുകളയാൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നു. അനുചിതമായ ആ പദപ്രയോഗത്തിൽ ഖേദിക്കുന്നു,’ സെന്തിൽ കുമാർ ലോക്സഭയിൽ വ്യക്തമാക്കി.
അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം: മുന്നറിയിപ്പുമായി അധികൃതർ
വിവാദ പരാമർശത്തിൽ, നേരത്തെ, സോഷ്യൽ മീഡിയ വഴി സെന്തിൽകുമാർ മാപ്പുപറഞ്ഞിരുന്നു. അനുചിതമായ രീതിയില്‍ താനൊരു വാക്ക് ഉപയോഗിച്ചുവെന്നും തനിക്ക് ദുരുദ്ദേശം ഇല്ലായിരുന്നുവെന്നും തന്റെ പരാമര്‍ശം തെറ്റായ അര്‍ഥത്തില്‍ പ്രചരിക്കാനിടയായതില്‍ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സെന്തിൽ കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ പാർലമെന്റിൽ സെന്തിൽ കുമാർ ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ മാത്രമാണ് ബിജെപി വിജയിക്കുന്നതെന്നും അവയെ ഗോമൂത്രസംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമായിരുന്നു സെന്തിൽ കുമാറിന്റെ പരാമർശം. തുടർന്ന് ബിജെപി സെന്തിൽകുമാറിന്റെ പരാമർശത്തിന് എതിരെ വരികയായിരുന്നു.
‘രാജ്യത്തെ ജനങ്ങള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡിഎംകെയ്ക്ക് നന്നായി അറിയാമെന്ന് സെന്തില്‍ കുമാറിന്റെ പരാമർശത്തോട് പ്രതികരിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി വ്യക്തമാക്കി. ‘ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ ഡിഎംകെയ്ക്ക് ഉടന്‍ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരും,’ മീനാക്ഷി ലേഖി പറഞ്ഞു.
Post Your Comments