ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ. ഇന്ധനക്ഷാമത്തെ തുടർന്ന് വലയുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ വീണ്ടും സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ്. 40,000 ടൺ ഡീസൽ ആണ് ഇത്തവണ ഇന്ത്യ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ വായ്പാ അടിസ്ഥാനത്തിൽ ശ്രീലങ്കയ്ക്ക് പെട്രോളിയം ഉൽപന്നങ്ങൾ നൽകുന്ന 500 മില്യൺ ഡോളറിന്റെ കരാറിന് പുറമെയാണിത്.
700 കോടി ഡോളറാണ് (50,000 കോടി ഇന്ത്യൻ രൂപ) ഇപ്പോൾ ലങ്കയുടെ വിദേശകടം. ഇതു വീട്ടാൻ അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് 700 കോടി ഡോളർ വായ്പ ആവശ്യപ്പെട്ട ലങ്കയ്ക്ക്, ഇന്ത്യ 150 കോടി ആയിരുന്നു ആദ്യം നൽകിയത്. സാർക്ക് കറൻസി സഹകരണത്തിന്റെ ഭാഗമായി 40 കോടി ഡോളറും മുൻപ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ്, ഇപ്പോൾ 40,000 ടൺ ഡീസൽ കൂടി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രണ്ടു മാസത്തെ ക്രെഡിറ്റിൽ ആണ് ഇന്ധനം നൽകുന്നത്. ടൂറിസം, ഊർജ്ജ മേഖലകളിൽ സഹകരണവും വിവിധ മേഖലകളിൽ നിക്ഷേപവും നടത്തുമെന്ന് ഇന്ത്യ ശ്രീലങ്കയെ അറിയിച്ചു.
Also Read:പല്ലുകളുടെയും മോണയുടെയും ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഇന്ധന ക്ഷാമം കടുത്തതോടെയാണ് ശ്രീലങ്ക വീണ്ടും സഹായമഭ്യർത്ഥിച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം ആഗോള തലത്തിൽ ഇന്ധന മേഖലയെ ബാധ്ച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ കാര്യം കുറച്ച് കൂടി കഷ്ടത്തിലാണ്. സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ കാര്യമായി ബാധിച്ച സാഹചര്യത്തിലാണ് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ശ്രീലങ്ക സഹായം തേടിയത്. നിലവിലെ പ്രതിസന്ധി നേരിടാൻ ഐഎംഎഫിന്റെ സഹായം വേണമെന്നാണ് ശ്രീലങ്കൻ സർക്കാർ പറയുന്നത്. കൂടെ നിന്ന ചൈനയും റഷ്യയും കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യ, ശ്രീലങ്കയ്ക്കായി കൈയയച്ച് സഹായം ചെയ്യുന്നത് എന്നതും ശ്രദ്ധേയം.
Post Your Comments