അഹമ്മദാബാദ്: ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍ 64 മിനിറ്റുകൊണ്ട് ചൊല്ലി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് 9 വയസുകാരനായ ദ്വിജ് ഗാന്ധി. അഹമ്മദാബാദിലെ തൽതേജ് സ്വദേശിയായ ബാലൻറെ നേട്ടത്തിൽ അഭിനന്ദിച്ച് സർക്കാർ. കോവിഡ്-19 ന്റെ വ്യാപനം ആരംഭിച്ച സമയത്താണ് ബാലൻ വിശുദ്ധ ഗ്രന്ഥം പഠിക്കാൻ തുടങ്ങിയത്. വലുതാകുമ്പോള്‍ ഒരു ശാസ്ത്രജ്ഞനാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഭഗവദ്ഗീത വളരെ ഇഷ്ടമാണെന്നും ദ്വിജ് ഗാന്ധി പറയുന്നു.
‘ലോക്ക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ എനിക്ക് ഏഴ് വയസ്സായിരുന്നു. എനിക്ക് ഗീതയിൽ എപ്പോഴും അഗാധമായ താൽപ്പര്യമുണ്ടായിരുന്നു. അങ്ങനെ അത് പഠിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ ശ്രമവും ആഗ്രഹവും അറിഞ്ഞ് കുടുംബം കൂടെയുണ്ടായിരുന്നു. അച്ഛനും അമ്മയും മികച്ച പിന്തുണയാണ് നൽകിയത്. വലുതാകുമ്പോൾ ഒരു ശാസ്ത്രജ്ഞനാകണം എന്നാണ് എന്റെ ആഗ്രഹം’, ദ്വിജ് വ്യക്തമാക്കി. മറ്റ് കുട്ടികളിൽ നിന്നും വ്യത്യസ്തമായി ദ്വിജിന് എന്തെങ്കിലും ചെയ്യാൻ കഴിയണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നതായും ഗിന്നസ് റെക്കോർഡ് നേടിയതിൽ സന്തേഷമുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു.
കഴിഞ്ഞ വർഷം ഒഡീഷയിൽ നിന്നുള്ള ആറുവയസ്സുകാരി 24 മിനിറ്റും 50 സെക്കൻഡും കൊണ്ട് 108 ആത്മീയ മന്ത്രങ്ങൾ ഉരുവിട്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരുന്നു. ജഗത്സിംഗ്പൂർ ജില്ലയിൽ നിന്നുള്ള ഡി സായ് ശ്രേയാൻസി എന്ന കുട്ടിയായിരുന്നു റെക്കോർഡിൽ ഇടം നേടിയത്. താരദപദ ഗ്രാമത്തിലെ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തക രശ്മി രഞ്ജൻ മിശ്രയുടെ ചെറുമകളാണ് സായ്.
Post Your Comments