
തിരുവനന്തപുരം: സില്‍വര്‍ ലൈനിന് കേന്ദ്ര അനുമതി നേടിയെടുക്കുന്നതിനായി ഡല്‍ഹിയില്‍ ഇടനിലക്കാരുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഒരാഴ്ചയായി ഈ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇതേ ഇടനിലക്കാരാണ് സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പെട്ടെന്ന് നിര്‍ത്തിച്ചതെന്നും സതീശൻ പറഞ്ഞു.
കെ റെയില്‍ തുടങ്ങാനോ സ്ഥലം ഏറ്റെടുക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടു പോകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിലാണ് പരിസ്ഥിതി ആഘാത പഠനത്തിന് കല്ലിടാന്‍ ഹൈക്കോടതി അനുമതി നല്‍കിയതെന്നും സതീശൻ വ്യക്തമാക്കി.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന ദിവസമാണ് എംപിമാര്‍ക്കെതിരെ ആക്രമണമുണ്ടായതെന്നും ഈ ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റിന് മുന്നില്‍ എംപിമാര്‍ക്ക് എതിരെ നടന്ന ആക്രമണം ക്രൂരവും ദൗര്‍ഭാഗ്യകരവുമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Post Your Comments