കോട്ടയം: സിൽവർ ലൈൻ പദ്ധതി ഏറ്റവും അധികം ബാധിക്കുന്ന പഞ്ചായത്തുകളിൽ ഒന്ന് കോട്ടയം ജില്ലയിലെ മാടപ്പള്ളിയാകുമെന്ന് സൂചന. എട്ട് വാർഡുകളിലൂടെയും പദ്ധതി കടന്നുപോകുമ്പോൾ, പഞ്ചായത്തിലെ മൂന്നിലൊന്ന് പ്രദേശവും കുടിയൊഴിപ്പിക്കേണ്ടി വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗ്രാമപ്രദേശത്തെ ചില കവലകൾ തന്നെ അപ്രത്യക്ഷമായേക്കും.
Also read: ഡിഐജിയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ വീടുകൾ കേന്ദ്രീകരിച്ച് റെയിഡ്: രണ്ട് പേർ പിടിയിൽ
മാടപ്പള്ളിയിലെ 350 വീടുകൾ പൂർണമായും ഒഴിപ്പിക്കപ്പെടും. 200 വീടുകൾ ഭാഗികമായെങ്കിലും പൊളിച്ചുമാറ്റേണ്ടി വരും. 50 ലേറെ കടകളും പൂട്ടും. വീടുകളും കടകളും മണ്ണടിയുന്നത് 3000 ത്തിലേറെ ആൾക്കാരെ നേരിട്ട് ബാധിക്കും. കൂടുതലും ഇടത്തരം കർഷകരുള്ള മാടപ്പള്ളിയിൽ, പലർക്കും രണ്ട് സെന്‍റ് മുതൽ രണ്ട് ഏക്കർ വരെ സ്ഥലം വിട്ടുകൊടുക്കേണ്ടി വരും. ചിലരുടെ പുരയിടങ്ങളുടെ നടുവിലൂടെയാണ് ഉദ്യോഗസ്ഥർ പദ്ധതിയുടെ പാത പണിയുക.
പദ്ധതി വരുന്നതോടെ എഴുത്തുപള്ളി ഉൾപ്പെടെയുള്ള മുന്ന് കവലകളും ഇല്ലാതായേക്കും. നൂറിലേറെ ആൾക്കാർ തിങ്ങിപ്പാർക്കുന്ന കൊട്ടാരംകുന്ന് കോളനിയെ പദ്ധതി പൂർണമായും വിഴുങ്ങുമെന്നാണ് റിപ്പോർട്ട് പറയുന്നത്. മരിയൻ ലൈൻ കോളനിയുടെ പകുതി കെ റെയിൽ ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, സിൽവർ ലൈനിനായി മാടപ്പള്ളിയിൽ കെ റെയിൽ ഏഴര കിലോമീറ്റർ നീളത്തിൽ പാത പണിയുന്നതോടെ, പഞ്ചായത്തിന്റെ ഹൃദയവും ആത്മാവും തന്നെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
Post Your Comments