നേമം: അമിതവേഗതയിൽ വന്ന കാറിടിച്ച് തെറിപ്പിച്ച് കാൽനടയാത്രക്കാരി മരിച്ചു. കാക്കാമൂല കുഴിവിള പ്രിയ ഹൗസിൽ ശശിധരൻനായരുടെ ഭാര്യ പി. വിമലയാണ് (67) മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. വീടിനു സമീപത്തെ പച്ചക്കറി വില്പന കേന്ദ്രത്തിലേക്ക് നടന്നു പോകുകയായിരുന്ന വിമലയെ, കാക്കാമൂലയിൽ നിന്നും കല്ലിയൂരിലേക്ക് വരികയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വഴിമുക്ക് സ്വദേശികൾ ആണ് കാറിലുണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണ വിമലയുടെ കാലിലൂടെ കാർ കയറി ഇറങ്ങി. കാലുകൾ ഒടിഞ്ഞു തൂങ്ങി. തലയ്ക്കും ഗുരുതരമായി പരിക്കേറ്റ വിമലയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാർ അമിത വേഗതിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത നേമം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്നു രാവിലെ 10-ന് വീട്ടുവളപ്പിൽ നടക്കും. മകൾ: പ്രിയ. മരുമകൻ അരുൺകുമാർ.
Post Your Comments