
ദോഹ: റിക്രൂട്ട്‌മെന്റ് ഏജൻസികൾക്ക് മേൽ നിരീക്ഷണം ശക്തമാക്കി ഖത്തർ. വ്യവസ്ഥകൾ പാലിച്ചാണോ പ്രവർത്തനം നടക്കുന്നതെന്ന് അറിയാൻ വേണ്ടിയാണ് ഖത്തർ പരിശോധന ശക്തമാക്കിയത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഖത്തർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
അംഗീകൃത ലൈസൻസ് ഇല്ലാതെ വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ ഖത്തർ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം മന്ത്രാലയം അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കഴിഞ്ഞ ദിവസം ഖത്തർ ഫീസ് പരിധി നിശ്ചയിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് പരിധിയാണ് ഖത്തർ നിശ്ചയിച്ചത്. തൊഴിൽ മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും സംയുക്തമായാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 4,000 റിയാൽ (ഏകദേശം 2,84,200 രൂപ) ആണ് ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നതിനുള്ള ഫീസ്.
ശ്രീലങ്കയിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 16,000 റിയാലും ഫിലിപ്പീൻസിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 15,000 റിയാലും ബംഗ്ലാദേശിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 14,000 റിയാലും ഇന്തോനീഷ്യിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 17,000 റിയാലുമാണ് ഫീസ് നിരക്ക്.
കെനിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുന്നതിന് 9,000 റിയാലാണ് ഫീസ്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനായി ഏജൻസികൾ അമിത നിരക്ക് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഖത്തർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ വിജ്ഞാപനം പ്രാബല്യത്തിൽ വരും.
Read Also: മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് കനത്ത പിഴ ചുമത്തും: അറിയിപ്പുമായി സൗദി
Post Your Comments