ന്യൂഡൽഹി: അർധരാത്രി നോയ്ഡയിലെ തെരുവിൽ ബാഗും തൂക്കി ഓടുന്ന ഒരു കൗമാരക്കാരൻ്റെ വീഡിയോ ഇന്നലെ മുതൽ വൈറലായിരുന്നു. സംവിധായകനും എഴുത്തുകാരനുമായ വിനോദ് കപ്രിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് 50 ലക്ഷത്തിലധികം കാണികളിലേക്ക് ഈ യുവാവ് ഓടി കയറി. പ്രദീപ് മെഹ്റ എന്നാണ് യുവാവിന്റെ പേര്.
രാത്രി യാത്രയിലാണ് തെരുവിലൂടെ ഓടുന്ന ചെറുപ്പക്കാരൻ കാപ്രിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തന്റെ കാറിൽ കയറിക്കോളൂ എന്നുള്ള കാപ്രിയുടെ വാഗ്ദാനം നിരസിച്ച് അവൻ ഓട്ടം തുടരുകയാണ്. പല തവണ നിര്‍ബന്ധിച്ചെങ്കിലും ചെറുപ്പക്കാരൻ താൻ ഓടിക്കൊള്ളാമെന്നും ഇത് എല്ലാ ദിവസവും ചെയ്യുന്നതാണെന്നും പറയുന്നു. എന്തിനാണ് ഇങ്ങനെ ഓടുന്നതെന്ന് ചോദിച്ചപ്പോൾ പ്രദീപിന്റേത് ആശ്ചര്യപ്പെടുത്തുന്ന മറുപടി.
‘എനിക്ക് സൈന്യത്തിൽ ചേരണം… പരിശീലനത്തിന്റെ ഭാഗമാണ് ഇത്. നോയിഡയിലെ ഒരു ഫാസ്റ്റ് ഫുഡ് ഔട്ട്ലറ്റിലാണ് എൻ്റെ ജോലി. 10 കിലോമീറ്ററിലേറെ ദൂരം ഓടിയാണ് വീട്ടിൽ പോവുക. അമ്മ ആശുപത്രിയിലാണ്. ചേട്ടനൊപ്പമാണ് ഇപ്പോൾ താമസം. ആഹാരം ഉണ്ടാക്കേണ്ടതിനാൽ രാവിലെ വ്യായാമം ചെയ്യാൻ സമയമില്ല, അതിനാലാണ് രാത്രി ഓടുന്നത്’ – പ്രദീപ് പറയുന്നു.
എന്തെങ്കിലും അത്യാവശ്യം കൊണ്ടാണ് യുവാവ് ഓടുന്നത് എന്നു കരുതിയാണ് വിനോദ് കാപ്രി ലിഫ്റ്റ് വാഗ്ദാനം ചെയ്തത്. ഇത് നിരസിച്ചതോടെയാണ് വിനോദ് കാരണം ചോദിച്ചറിഞ്ഞത്. ഉത്തരാഖണ്ഡിൽ നിന്നുള്ള മെഹ്‌റ, നോയിഡയിലെ സെക്ടർ 16 ലെ ജോലിയ്ക്ക് ശേഷം തന്റെ സഹോദരനൊപ്പം താമസിക്കുന്ന ബറോലയിലെ വീട്ടിലേക്ക് ദിവസേന 10 കിലോമീറ്റർ ഓടിയാണ് തന്റെ പരിശീലനം പൂർത്തിയാക്കുന്നത്.
അവന്റെ മാതാപിതാക്കൾ എവിടെയാണെന്ന് ചോദിച്ചപ്പോൾ, സുഖമില്ലാത്ത അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുട്ടി കാപ്രിയോട് പറയുന്നു. ഞാൻ എടുക്കുന്ന ഈ വീഡിയോ വൈറലാകാൻ പോകുകയാണെന്ന് കാപ്രി മെഹ്റയോട് പറഞ്ഞപ്പോൾ ‘എന്നെ ആര് തിരിച്ചറിയാനാണ്’ എന്ന് പറഞ്ഞു യുവാവ് ചിരിക്കുന്നുണ്ട്. എങ്കിൽ, ‘വീട്ടിൽ പോയി പാചകം ചെയ്തു കഴിക്കണ്ട, എന്നോടൊപ്പം ഭക്ഷണം കഴിക്കൂ’ എന്ന് കാപ്രി പറയുന്നുണ്ട്.
അപ്പോൾ, ‘എന്റെ ചേട്ടൻ പട്ടിണികിടക്കേണ്ടതായി വരും’ എന്ന് യുവാവ് ചിരിച്ചു കൊണ്ട് പറയുന്നു. അവസാന ശ്രമമെന്ന നിലയിൽ കാപ്രി ഒന്നുകൂടി യുവാവിന് ലിഫ്റ്റ് നൽകാൻ ശ്രമിച്ചെങ്കിലും സ്നേഹപൂർവ്വം അവനത് നിരസിച്ചു. ട്വിറ്ററിൽ ലക്ഷ കണക്കിന് ആളുകളാണ് കാപ്രി പങ്കിട്ട വീഡിയോ കണ്ടിരിക്കുന്നത്. ജീവിതയാഥാർഥ്യങ്ങളോടുള്ള ഒരു ചെറുപ്പക്കാരന്റെ പോരാട്ട വീര്യത്തിന്റെ തെളിവെന്നാണ് എന്ന് കാഴ്ചക്കാർ വാഴ്ത്തുന്നു.
Post Your Comments