തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയരുന്ന എതിർപ്പുകൾ തള്ളി കെ റെയിൽ എംഡി കെ.അജിത്ത് കുമാർ. നിലവിൽ നടക്കുന്നത് സ്ഥലമേറ്റെടുപ്പല്ല സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങളാണ്. അതേസമയം സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോൺ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാദം കെ റെയിൽ എംഡി തള്ളി. സിൽവർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റർ ബഫർ സോൺ ഉണ്ടാവുമെന്ന് കെ റെയിൽ എംഡി വ്യക്തമാക്കി.
ഇതിൽ, അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിർമ്മാണം നടത്താം. ബഫർ സോൺ നിലവിലെ നിയമമനുസരിച്ച് തീരുമാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി ആരെയാണ് ബാധിക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ സർവേ ആവശ്യമാണ്. ഭൂമിയേറ്റെടുക്കൽ പദ്ധതിയുടെ ഈ ഘട്ടത്തിൽ ആലോചനയില്ല. മുഴുവൻ പണവും നൽകിയ ശേഷമേ പദ്ധതിക്കായി സ്ഥലമേറ്റെടുക്കൂവെന്നും കെ റെയിൽ എംഡി പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘അലൈൻമെൻറ് ഫൈനലായ റൂട്ടിലാണ് കല്ലിടുന്നത് ബാധിക്കപ്പെടുന്ന കുടുംബത്തിൻ്റെ അഭിപ്രായം കേട്ട് വിദഗ്ധർ പഠിച്ച ശേഷം സർക്കാർ ഈ അലൈൻമെൻ്റ് അംഗീകരിക്കണം. അതിനു ശേഷം പഠനറിപ്പോർട്ട് റെയിൽവേക്ക് സമർപ്പിക്കും. റെയിൽവേ പദ്ധതിക്ക് അംഗീകാരം നൽകിയ ശേഷമേ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കാനാവൂ.’
‘കല്ലിടലുമായി മുന്നോട്ട് പോകും. കല്ലെടുക്കുന്നിടത്ത് വീണ്ടും കല്ലിടും. തടസങ്ങളുണ്ടായാൽ സാമുഹിക ആഘാത പഠനം വൈകും. പദ്ധതി വൈകും തോറും ഓരോ വർഷവും 3500 കോടി നഷ്ടം വരും. കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയാണിത്. കേന്ദ്ര ധനമന്ത്രി അംഗീകരിച്ചു. ഇപ്പോൾ കല്ലിട്ട അതിരുകൾ പഠനത്തിന് ശേഷം മാറും.’
‘ഡിപിആറിനൊപ്പം ഒരു സാമൂഹിക ആഘാത പഠനം പ്രാഥമിക റിപ്പോർട്ടിൽ വെച്ചിട്ടുണ്ട് പുതിയ റിപ്പോർട്ട് വന്നതിന് ശേഷം ഇതും കൂട്ടി DPRന് ഒപ്പം ചേർക്കും. നഷ്ടപരിഹാരം സംബന്ധിച്ച് ഡിപിആറിൽ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിൻ്റെ ഒരു ഭാഗം പിന്നെ വാങ്ങിയാൽ മതിയാവും. അത് ബോണ്ടായി നൽകും. പിന്നിട്, പലിശ സഹിതം പണം നൽകും. സന്നദ്ധരായവർക്കാവും ഈ പാക്കേജ്.’
Post Your Comments