പേരാമ്പ്ര: നിരവധി പേരെ തട്ടിപ്പിനിരയാക്കിയ വ്യാജ സിദ്ധന് അറസ്റ്റിൽ. കായണ്ണ മാട്ടനോട് രവി (52) എന്ന റബര്‍ വെട്ട് തൊഴിലാളിയെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. മകനെ ഉപേക്ഷിക്കാന്‍ കാമുകിയെ പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് കാക്കൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത രവി സ്വന്തം ക്ഷേത്രത്തിന്റെ മറവില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേരെ ചൂഷണം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചു.
2008 കാലത്ത് വീട്ടുവളപ്പില്‍ ക്ഷേത്രം പണിത് വിശ്വാസികളെ സ്വീകരിക്കാന്‍ തുടങ്ങി. ആദ്യം നാട്ടുകാരെല്ലാം ക്ഷേത്രവും ഉത്സവവുമായെല്ലാം സഹകരിച്ചിരുന്നെങ്കിലും ചില കാര്യങ്ങള്‍ മനസ്സിലായതോടെ അവര്‍ ക്ഷേത്രകമ്മിറ്റിയില്‍ നിന്നും മറ്റും പിന്മാറി. എന്നാല്‍, മറ്റു സ്ഥലങ്ങളിലുള്ളവരെ ഉപയോഗപ്പെടുത്തി ഇയാള്‍ ‘ഇര പിടിക്കാന്‍’ തുടങ്ങി. ആളുകളെ എത്തിക്കാന്‍ പല സ്ഥലത്തും ഇയാള്‍ക്ക് ഏജന്റുമാര്‍ പ്രവര്‍ത്തിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു സിദ്ധന് വിശ്വാസികള്‍ക്ക് ദര്‍ശനം കൊടുത്തിരുന്നത്. ആദ്യ കാലത്ത് ഒരാള്‍ അഞ്ച് തേങ്ങയായിരുന്നു കാണിക്കയായി കൊണ്ടുവരാന്‍ നിര്‍ദേശമുണ്ടായിരുന്നത്.
ജനത്തിരക്ക് കൂടിയതോടെ സിദ്ധന്റെ ദര്‍ശനം ആഴ്ചയില്‍ മൂന്നു ദിവസമായി. ക്ഷേത്രത്തില്‍ ഇയാള്‍ അമ്മ എന്നാണ് അറിയപ്പെട്ടത്. അമ്മയെ കാണാന്‍ ഭക്തര്‍ 200 രൂപ ഓഫിസില്‍ അടച്ച് കിറ്റ് വാങ്ങണം. കൂടാതെ ‘അമ്മ’യുടെ അടുത്തുള്ള താലത്തില്‍ 50 രൂപയില്‍ കുറയാതെ വെക്കുകയും ചെയ്യണം. കുട്ടികള്‍ ഉണ്ടാകാത്തവര്‍, രോഗങ്ങളുള്ളവര്‍, വിവാഹം ശരിയാകാത്തവര്‍… ഇങ്ങനെ നിരവധി പ്രശ്നങ്ങളുള്ളവരെയാണ് ഇയാള്‍ ഇരകളാക്കുന്നത്.
Post Your Comments