തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയരുന്ന എതിർപ്പുകളെ തള്ളി കെ റെയിൽ എംഡി കെ. അജിത്ത് കുമാർ. സമരക്കാർ കല്ല് എടുക്കുന്ന പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ വീണ്ടും കല്ലിടുമെന്ന് അദ്ദേഹം അറിയിച്ചു. നിലവിൽ സ്ഥലമേറ്റെടുപ്പല്ല നടക്കുന്നത്. സാമൂഹികാഘാത പഠനം അടക്കമുള്ള കാര്യങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
‘ആരെയാണ് പദ്ധതി ബാധിക്കുകയെന്ന് മനസ്സിലാക്കാൻ ഈ സർവ്വേ ആവശ്യമാണ്. ഭൂമി ഏറ്റെടുക്കുന്നതിനെ കുറിച്ച് ഈ ഘട്ടത്തിൽ ആലോചിക്കുന്നില്ല. പണം മുഴുവൻ നൽകിയതിനു ശേഷം മാത്രമേ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുകയുള്ളു’ കെ റെയിൽ എംഡി വ്യക്തമാക്കി.
അതേസമയം, സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോൺ ഉണ്ടാകില്ലെന്ന മന്ത്രി സജി ചെറിയാൻ്റെ അവകാശവാദം കെ റെയിൽ എംഡി തള്ളി. ‘സിൽവർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റർ വീതം ബഫർ സോൺ ഉണ്ടാകും. ഇതിൽ അഞ്ച് മീറ്ററിൽ ഒരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാഗത്ത് അനുമതിയോടെ നിർമ്മാണം നടത്താവുന്നതാണ്. നിലവിലെ നിയമം അനുസരിച്ചാണ് ബഫർ സോൺ തീരുമാനിച്ചത്’ അദ്ദേഹം പറഞ്ഞു.
Post Your Comments