തൃശൂര്‍: തൃശൂരിൽ വനിതാ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വയോധിക മുളകുപൊടിയെറിഞ്ഞു. കമ്മീഷന്‍ നടപടിയിലെ അതൃപ്തിമൂലമാണ് ഇവർ ഇത് ചെയ്തതെന്നാണ് സൂചന. അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവിന് മതിയായ ചികിത്സ ലഭിച്ചില്ലെന്നാരോപിച്ച് ഡോക്ടര്‍മാര്‍ക്കെതിരെ വയോധിക വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതി രണ്ടു തവണ പരിഗണിച്ച കമ്മീഷന്‍ വീണ്ടും പരിഗണിക്കാനായി മാറ്റിവെക്കുകയായിരുന്നു. എട്ട് ഡോക്ടര്‍മാരെ പ്രതിചേര്‍ത്തുകൊണ്ടായിരുന്നു വയോധികയുടെ പരാതി.
എന്നാല്‍, ഡോക്ടര്‍മാരുടെ പേരല്ലാതെ മറ്റ് വിവരങ്ങള്‍ പരാതിയില്‍ ഇല്ലെന്നാണ് കമ്മീഷൻ പറയുന്നത്. ഇക്കാര്യങ്ങള്‍ പരാതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ സിറ്റിംഗില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന സിറ്റിംഗില്‍ തന്റെ പരാതി ആദ്യം പരിഗണിക്കണമെന്ന ആവശ്യവുമായെത്തിയ പരാതിക്കാരി ഉദ്യോഗസ്ഥര്‍ക്ക് നേരെ മുളകുപൊടിയെറിയുകയായിരുന്നു. സിറ്റിംഗ് തുടങ്ങാനിരിക്കെയാണ് സംഭവം. ഫാനിട്ടിരുന്നതിനാല്‍ മുളകുപൊടി പറന്ന് പലരുടേയും കണ്ണിലേക്കും ശരീരത്തിലേക്കും വീണു.
കമ്മീഷന്‍ അസിസ്റ്റന്റ് ലേഖ, ജീവനക്കാരന്‍ ശ്രീജിത്ത്, അഭിഭാഷകരായ സുനിത, രജിത എന്നിവര്‍ക്ക് മുളകുപൊടി ആക്രമണത്തില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. മുളങ്കുന്നത്തുകാവ് ചൈന ബസാര്‍ സ്വദേശിനിയാണ് മുളകുപൊടി വിതറിയത്. ഇവരെ സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് പൊലീസും കമ്മീഷന്‍ അംഗങ്ങളുമായും സംസാരിച്ച ശേഷം വിട്ടയച്ചു.
Post Your Comments