മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലത്തില്‍ കയറി നിന്ന് യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. നഗരമധ്യത്തിൽ നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ ഇയാൾ മണിക്കൂറുകളോളം പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഇടുക്കി സ്വദേശിയും എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനുമായ യുവാവ് മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭാര്യയെ കാണാന്‍ വന്നതായിരുന്നു. എന്നാല്‍, ഇവര്‍ അയാളെ കാണാന്‍ കൂട്ടാക്കിയില്ല.
അതിനെ തുടർന്ന് യുവാവ് മദ്യപിച്ച് എടപ്പാള്‍ ഗോവിന്ദ ടാക്കീസിന് സമീപം റോഡില്‍ കിടന്ന് പൊതുഗതാഗതം തടസ്സപ്പെടുത്തി. പിന്നീട്, എടപ്പാള്‍ ടൗണില്‍ എത്തിയ ഇയാളെ സ്ഥലത്ത് ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് ചന്ദ്രനും, ഡ്രൈവര്‍മാരും, നാട്ടുകാരും ചേര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് അവരെ ആക്രമിച്ചു.
അതോടെയാണ് ഇയാൾ മേൽപ്പാലത്തിൽ കയറി താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ അനവധി വാഹനങ്ങള്‍ മുന്നോട്ട് പോകാന്‍ കഴിയാതെ ദീർഘസമയം കുരുക്കില്‍ അകപ്പെട്ടതോടെ, ഒടുവിൽ ചങ്ങരംകുളം എസ്‌ഐ ഒ.പി വിജയകുമാര്‍ നേരിട്ട് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Post Your Comments