തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വനിതാ വ്യാപാരിയെ വെട്ടിക്കൊന്ന കേസിലെ പ്രതി കൊലപാതകം നടത്തിയത് കരുതിക്കൂട്ടി തന്നെ. എറിയാട് ബ്ലോക്കിനു കിഴക്കു വശം മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ് കുട്ടികളുടെ മുന്നിൽവെച്ച് ദാരുണമായി കൊല്ലപ്പെട്ടത്. റിന്‍സിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുന്‍ ജീവനക്കാരനും അയൽവാസിയുമായ പുതിയ വീട്ടില്‍ റിയാസ് (25) ആണ് കൊല നടത്തിയത്. അയല്‍വാസി എന്ന നിലയിലാണ് യുവാവിന് ആദ്യം നിറക്കൂട്ടില്‍ ജോലി നല്‍കിയത്.
എന്നാല്‍, കുറച്ചു കാലം കഴിഞ്ഞപ്പോൾ യുവാവിന്റെ സ്വഭാവം മാറി. റിന്‍സിയോട് മോശമായി പെരുമാറുകയായിരുന്നു ഇയാള്‍. പ്രണയമാണ് എന്ന തരത്തിലായിരുന്നു റിന്‍സിയെ സമീപിച്ചത്. ഇതോടെ ശല്യം സഹിക്കാന്‍ കഴിയാതെ യുവതി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. കൂടാതെ, ഇയാളെ ജോലിയിൽ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. ഭര്‍ത്താവിനോടും വീട്ടുകാരോടും റിയാസ് ശല്യപ്പെടുത്തുന്ന വിവരം പറഞ്ഞത് യുവാവിന് പകയായി മാറുകയായിരുന്നു. ഇത് കൂടാതെ, റിന്‍സിയുടെ വീടിനു നേരെ റിയാസ് ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ കേസും ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്കു മുന്‍പ് പൊലീസ് റിയാസിനെ താക്കീത് ചെയ്തിരുന്നു.
സംഭവത്തിന് പിന്നാലെ, റിയാസ് പലപ്പോഴും കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്. ഈ പ്രശ്‌നം പിന്നീട്, ഒത്തു തീര്‍പ്പിലേക്ക് എത്തിയിരുന്നു. സ്ഥാപനം പൂട്ടി മക്കളോടൊപ്പം വീട്ടിലേക്ക് വരുന്ന വഴി ആളൊഴിഞ്ഞ ഭാഗത്ത് സ്‌കൂട്ടര്‍ തടഞ്ഞു നിറുത്തിയാണ് റിയാസ് ആക്രമിച്ചത്. മുഖത്തുള്‍പ്പടെ ശരീരത്തില്‍ ആഴത്തിലുള്ള മുപ്പതിലേറെ വെട്ടുകളേറ്റിരുന്നു. മൂന്നുവിരലുകള്‍ അറ്റുപോയി.തലയിലും മാരകമായി പരിക്കേറ്റിരുന്നു.
ഇതു വഴി വന്ന, മദ്രസ അദ്ധ്യാപകര്‍ ബഹളം വച്ചതോടെ ആക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. അഞ്ചും പത്തും വയസുള്ള മക്കളുമായാണ് കടയില്‍ നിന്നും റിന്‍സി വീട്ടിലേക്ക് പോയിരുന്നത്. കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഫോൺ പോലും ഉപേക്ഷിച്ച് ഒളിവിൽ പോയ റിയാസിനായി അന്വേഷണം തുടരുകയാണ്.
Post Your Comments