അബുദാബി: ബസിനുള്ളിൽ വെച്ച് ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി സംസാരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. ഡ്രൈവർമാരോടും യാത്രക്കാരോടും മോശമായി പെരുമാറുന്നവർക്ക് 500 ദിർഹം (10,000 രൂപ) വരെ പിഴ ചുമത്തുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഡ്രൈവറെ ശകാരിക്കാനോ അസഭ്യം പറയാനോ സഹ യാത്രക്കാരെ ശല്യപ്പെടുത്താനോ പാടില്ലെന്നും നിർദ്ദേശമുണ്ട്.
ബസിനുള്ളിൽ യാത്രക്കാർ മാന്യമായി പെരുമാറണം. നിയമം ലംഘിക്കുന്നവർക്ക് കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് 100 ദിർഹം (2073 രൂപ) മുതൽ 500 ദിർഹം വരെ പിഴ ചുമത്തും. യാത്രയ്ക്ക് ഉപയോഗിക്കുന്ന വ്യക്തിഗത കാർഡുകൾ മറ്റുള്ളവർക്ക് കൈമാറിയാലും പിഴ ചുമത്തുന്നതാണ്. ബസ് യാത്രയ്ക്കിടെ ഭക്ഷണം കഴിക്കുക, മദ്യപിക്കുക, പുക വലിക്കുക എന്നീ കുറ്റങ്ങൾക്ക് 200 ദിർഹമാണ് (4147 രൂപ) പിഴ. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവർക്ക് 200 ദിർഹം പിഴ ലഭിക്കും. സംവരണം ചെയ്ത സീറ്റുകൾ ദുരുപയോഗം ചെയ്യുന്നവരിൽ നിന്നും 100 ദിർഹം പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments