ദില്ലി: മുന്‍ ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്സണ്‍ ഐപിഎൽ പുതിയ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ചേരും. ഡല്‍ഹിയുടെ സഹ പരിശീലകനായാണ് വാട്സണ്‍ എത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെത്തി ടീമിനൊപ്പം ചേരുമെന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകന്‍.
ഐപിഎല്ലില്‍ ഡല്‍ഹിയിലൂടെ പുതിയ കരിയര്‍ തുടങ്ങാന്‍ കഴിയുന്നതിന്‍റെ ആവേശത്തിലാണ് താനെന്ന് വാട്സണ്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിലെത്തി ഡല്‍ഹി ടീമിനൊപ്പം ചേരുമെന്നും തന്‍റെ സഹതാരമായിരുന്ന റിക്കി പോണ്ടിംഗിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനായുള്ള കാത്തിരിപ്പിലാണെന്നും വാട്സണ്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ടി20 ടൂര്‍ണമെന്‍റാണ് ഐപിഎല്ലെന്നും കളിക്കാരനെന്ന നിലയില്‍ തനിക്ക് മഹത്തായ ഓര്‍മകളുള്ള ഐപിഎല്ലില്‍ പുതിയ റോളിലെത്തുന്നത് ആവേശകരമാണെന്നും വാട്സണ്‍ വ്യക്തമാക്കി. മികച്ച താരനിരയുള്ള ഡല്‍ഹിക്ക് ഇത്തവണ കീരിടം നേടിക്കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വാട്സണ്‍ കൂട്ടിച്ചേർത്തു.
13 വര്‍ഷം നീണ്ട ഐപിഎല്‍ കരിയറില്‍ 145 മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ചുറി ഉള്‍പ്പെടെ 3874 റണ്‍സ് നേടിയിട്ടുള്ള വാട്സണ്‍ 92 വിക്കറ്റും നേടിയിട്ടുണ്ട്. 2020ലെ സീസണില്‍ ഫൈനലിലെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഇതുവരെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിടാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ പോയന്‍റ് ടേബിളില്‍ ഒന്നാമന്‍മാരായി പ്ലേ ഓഫിലെത്തിയ ഡല്‍ഹിക്ക് ഫൈനൽ ബർത്തുറപ്പിക്കാനായില്ല.
Post Your Comments