
ന്യൂഡൽഹി : കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം ആവശ്യപ്പെടുന്ന വിമത സംഘമായ ജി- 23യുടെ യോഗം പുരോഗമിക്കുന്നു. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ ഡല്‍ഹിയിലെ വസതിയിലാണ് നേതാക്കളുടെ യോഗം തുടരുന്നത്. ആനന്ദ് ശര്‍മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, അഖിലേഷ് പ്രസാദ് സിംഗ്, പൃഥ്വിരാജ് ചവാന്‍, പി ജെ കുര്യന്‍, മണിശങ്കര്‍ അയ്യര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
നേരത്തേ, മുതിര്‍ന്ന നേതാവ് കപില്‍ സിബലിന്റെ വസതിയിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ, കപിൽ സിബലിന്റെ വിവാദ പരാമർശത്തിന് പിന്നാലെയാണ് വസതി മാറ്റിയത്. ജി23 നേതാക്കൾ, കപിൽ സിബലിന്റെ പരാമർശം അംഗീകരിച്ചു എന്ന സൂചന നൽകാൻ ആഗ്രഹിക്കാത്തതിനാലാണ് യോഗത്തിന്റെ വേദി മാറ്റാൻ തീരുമാനിച്ചതെന്ന് വൃത്തങ്ങൾ പറയുന്നു.
പാർട്ടിയുടെ ഇടക്കാല അധ്യക്ഷ, സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിന് പിന്നാലെയാണ് ജി 23 നേതാക്കളുടെ യോഗം. ഈയടുത്ത് സമാപിച്ച, അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത പരാജയമാണ് കോണ്‍ഗ്രസിനുണ്ടായത്. ഭരണത്തിലുണ്ടായിരുന്ന പഞ്ചാബ് കൈയില്‍ നിന്ന് പോകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ്, നെഹ്‌റു കുടുംബം നേതൃത്വം ഒഴിയണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ യോഗം ചേരുന്നത്.
അതേസമയം, സോണിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ പ്രസ്താവന ഇങ്ങനെ, ‘അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പാർട്ടിയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ ആശങ്കയുണ്ടാക്കുന്നു. ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സ്വേച്ഛാധിപത്യത്തിനെതിരെയുള്ള ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകളെ കോൺഗ്രസ് പാർട്ടി പ്രതിനിധീകരിക്കുന്നു, പാർട്ടി അതിന്റെ വലിയ ഉത്തരവാദിത്തത്തെക്കുറിച്ച് പൂർണ്ണമായി ബോധവാന്മാരാണ്,’ പ്രസ്താവന കൂട്ടിച്ചേർത്തു.
Post Your Comments