Latest NewsIndiaNews

ഫോണ്‍ വിളികളില്‍ സംശയം, യുവതിയുടെ മുഖത്ത് സെല്ലോടേപ്പ് ഒട്ടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി : പ്രവാസി ജീവനൊടുക്കി

നാഗര്‍കോവില്‍: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കന്യാകുമാരി ജില്ലയിലെ കോട്ടാറിലാണ് സംഭവം. കുളച്ചല്‍ സ്വദേശി വര്‍ഗീസിന്റെ മകന്‍ ജോസ് കാന്‍പിയര്‍ (40) ആണ് ഭാര്യ വനജയെ (32) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

read also :കുട്ടികൾക്കുള്ള വാക്സിൻ: 2010 ൽ ജനിച്ചവ‍ർക്കെല്ലാം രജിസ്റ്റർ ചെയ്യാം

ഭാര്യയുടെ ആദ്യവിവാഹത്തിലുണ്ടായ കുട്ടികളെ, രണ്ട് ദിവസം കെട്ടിയിട്ട് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മഞ്ജു (13), അക്ഷര (12) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുമാസം മുമ്പ് വാടകയ്ക്ക് താമസമാക്കിയ ഇവര്‍ക്ക് നാട്ടുകാരുമായി അധികം ബന്ധമുണ്ടായിരുന്നില്ല.

പൊലീസ് പറയുന്നതിങ്ങനെ,വിദേശത്തായിരുന്ന ജോസ്, മത്സ്യബന്ധന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നാട്ടിലെത്തിയ ജോസ്, എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്ന വനജയെ വിവാഹം ചെയ്തു. മൂന്നുമാസം മുമ്പ് ഇവര്‍ കുളച്ചലില്‍ നിന്ന് കോട്ടാറിലെ വാടക വീട്ടില്‍ താമസമാക്കി.

എന്നാല്‍, വനജയുടെ അനാവശ്യ ഫോണ്‍ വിളിയെച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയും ഇതിനെച്ചൊല്ലിയുണ്ടായ വഴക്കിനിടെ, ക്ഷുഭിതനായ ജോസ്, വനജയുടെ കൈയും കാലും കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം, മുഖം മുഴുവനും സെല്ലോടേപ്പ് ഒട്ടിച്ച് മൃതദേഹം കട്ടിലിന്റെ അടിയില്‍ ഒളിപ്പിച്ചു. ശബ്ദം കേട്ടെത്തിയ മക്കളുടെ വായില്‍ തുണി തിരുകി കൈയും കാലും കയറുപയോഗിച്ച് കെട്ടിയിട്ടു.

രണ്ട് ദിവസം കുടിവെള്ളം പോലും നല്‍കാതെ കുട്ടികളെ മര്‍ദ്ദിച്ചു. തിങ്കളാഴ്ച രാവിലെ മൂത്തമകള്‍ മഞ്ജുവിനെ കഴുത്തില്‍ കത്തികൊണ്ട് കുത്തിയെങ്കിലും, കുട്ടികള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കത്തി ഉപേക്ഷിച്ച ശേഷം, ജോസ് അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നു. കെട്ടിയിരുന്ന കയര്‍ എങ്ങനെയോ അഴിച്ച് വീടിന് പുറത്തിറങ്ങിയ മൂത്ത മകള്‍ മഞ്ജുവാണ് നാട്ടുകാരെ വിവരമറിയിച്ചത്.

നാട്ടുകാര്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വനജയെ കൊലപ്പെടുത്തി കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലും ജോസിനെ അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലും കണ്ടെത്തി. ഇളയ മകള്‍ അക്ഷര മുറിയില്‍ കയ്യും കാലും കയറു കൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button