റിയാദ്: സൗദി അല്‍ കൊബാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ദമ്പതികളുടെ ശരീരം ഒന്നരമാസത്തിനുശേഷം നാട്ടിലെത്തി. കൂടെ അച്ഛനും അമ്മയ്ക്കും എന്താണ് സംഭവിച്ചത് എന്നുപോലും മനസ്സിലാകാതെ അഞ്ചുവയസുകാരി ആരാധ്യയും.
കൊല്ലം സ്വദേശിയായ അനൂപ് മോഹനെയും (37) ഭാര്യ രമ്യമോളെയും (28) ആണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകളായ ആരാധ്യ എന്ന 5 വയസ്സുകാരി പറഞ്ഞതനുസരിച്ചാണ് അയല്‍വാസികള്‍ വീട്ടിലെത്തിയതും നടുക്കുന്ന കാഴ്ച കണ്ടതും.
രമ്യയെ കൊലപ്പെടുത്തി അനൂപ് ആത്മഹത്യ ചെയ്തുവെന്നാണ് വിവരം. അമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് അമ്മ മൂന്നു നാല് ദിവസമായി കട്ടിലില്‍ സുഖമില്ലാതെ കിടക്കുകയായിരുന്നുവെന്നും കുറേ വിളിച്ചിട്ടും അമ്മ എണീറ്റതേയില്ലെന്നും പിന്നെ ഞാനും അമ്മയ്‌ക്കൊപ്പം കയറി കിടന്നുവെന്നുമാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയത്.
കുഞ്ഞിനെയും കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും അനൂപിന് അത് ചെയ്യാന്‍ സാധിച്ചില്ല. അച്ഛന്‍ തലയിണകൊണ്ട് മുഖത്തമര്‍ത്തി, എനിക്ക് ശ്വാസംമുട്ടിയപ്പോള്‍ വിട്ടു. പിന്നെ ബ്രഡ് തന്നു. ഫോണെടുത്ത് തന്നിട്ട് ഇത് കണ്ടിരുന്നോളാന്‍ പറഞ്ഞു. പിന്നെ ചെന്നു നോക്കുമ്‌ബോള്‍ അടുക്കളയിലെ ഫാനില്‍ അച്ഛന്‍ തൂങ്ങിക്കിടക്കുകയായിരുന്നു എന്നാണ് ആരാധ്യ പൊലീസിനോട് പറഞ്ഞത്.
ഓഗസ്റ്റ് 28 ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം സമീപവാസികള്‍ അറിഞ്ഞത്. ആരാധ്യയുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരമറിച്ചു. പൊലീസെത്തി വാതില്‍ പൊളിച്ചാണ് ഫ്‌ളാറ്റിനുള്ളില്‍ കടന്നത്. കുട്ടിയെ അവിടെ നിന്നും മാറ്റി. മൃതദേഹങ്ങള്‍ പോസ്റ്റ് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടുപോയി.
12 വര്‍ഷമായി തുക്ബ സനയ്യയില്‍ പെയിന്റിങ് വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു അനൂപ്. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. സംഭവം നടക്കുന്നത് അഞ്ചുമാസം മുന്‍പാണ് രമ്യയും മകളും സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയത്.
സൗദി പൊലീസ് ആരാധ്യയെ താല്‍ക്കാലിക സംരക്ഷണത്തിന് ലോക കേരളസഭാ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ നാസ് വക്കത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. നാസ് വക്കത്തിന്റെ ഇടപെടലിലൂടെ അനൂപിന്റെ പേരില്‍ അല്‍അഹ്‌സയില്‍ ഉണ്ടായിരുന്ന 1,77,000 റിയാലിന്റെ സാമ്പത്തിക കേസും ദമ്മാമില്‍ ഒരു സ്വദേശി നല്‍കിയ 36,000 റിയലിന്റെ സാമ്പത്തിക കേസും പിന്‍വലിപ്പിച്ചതിന് ശേഷം തുടര്‍നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി.
ഇതോട് കൂടിയാണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ നാട്ടിലയക്കുന്നതിനുള്ള വഴി തുറന്നത്. ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വിനിയോഗിച്ചാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. ആരാധ്യയെയും കൊണ്ട് നാസ് വക്കവും ഇതേ വിമാനത്തില്‍ നാട്ടിലെത്തി.
Post Your Comments