തിരുവനന്തപുരം: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിർബന്ധമല്ലെന്ന ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് ബി.ജെ.പിയുടെ സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യർ. ചോദിച്ചു വാങ്ങിയ അടിയെന്നാണ് വിധിയെ അദ്ദേഹം വിശേഷിപ്പിച്ചത്. നേരത്തെ, ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമായിരുന്നു അതാത് മാനേജ്മെൻറുകൾ വിലക്ക് ഏർപ്പെടുത്തിയിരുന്നതെങ്കിൽ, ഇപ്പോഴത്തെ ഹൈക്കോടതി വിധി പ്രകാരം ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇനി ഹിജാബ് ഉപയോഗിക്കാൻ കഴിയില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അനാവശ്യ വിവാദങ്ങളുണ്ടാക്കി ചോദിച്ചു വാങ്ങിയ അടിയായിപ്പോയി. നേരത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രമായിരുന്നു അതാത് മാനേജ്മെൻറുകൾ വിലക്ക് ഏർപ്പെടുത്തിയിരുന്നതെങ്കിൽ, ഹൈക്കോടതി വിധി പ്രകാരം ഇന്ത്യയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും ഇനി ഹിജാബ് ഉപയോഗിക്കാൻ കഴിയില്ല. സിഖുകാരുടെ തലപ്പാവ് ഭരണഘടന തന്നെ ഉറപ്പു നൽകിയ ഒഴിവാക്കാൻ കഴിയാത്ത മതാചാരമാണ്. ഹിജാബ് ഇസ്ലാമിൽ നിർബന്ധമുള്ളതല്ല എന്നാണ് ഹൈക്കോടതി കണ്ടെത്തൽ’, സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ഹിജാബ് വിവാദത്തിൽ ഇന്നാണ് കർണാടക ഹൈക്കോടതിയുടെ നിർണായക വിധി ഉണ്ടായത്. സ്കൂളുകളിൽ ഹിജാബ് വേണമെന്ന് നിർബന്ധം പിടിക്കാനാകില്ലെന്നും യൂണിഫോം പാലിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന സര്‍ക്കാര്‍ വാദമാണ് കോടതി അംഗീകരിച്ചത്. ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.
Post Your Comments