മുംബൈ: ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിനെ പിന്നിലാക്കി ഇന്ത്യൻ സ്പിന്നർ ആര്‍ അശ്വിന്‍. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലങ്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ധനഞ്ജയ ഡിസില്‍വയുടെ വിക്കറ്റ് വീഴ്ത്തിയതോടെ അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ സ്റ്റെയിനെ പിന്നിലാക്കി. അശ്വിന്‍റെ ടെസ്റ്റ് കരിയറിലെ 440-മത് വിക്കറ്റായിരുന്നു ഡിസില്‍വയുടേത്.
439 വിക്കറ്റുകളാണ് സ്റ്റെയിനിന്‍റെ പേരിലുള്ളത്. 93 ടെസ്റ്റുകളില്‍ നിന്നായിരുന്നു സ്റ്റെയിന്‍ 439 വിക്കറ്റ് എടുത്തതെങ്കില്‍ തന്‍റെ കരിയറിലെ 86-ാമത്തെ ടെസ്റ്റിലാണ് അശ്വിന്‍ 440 വിക്കറ്റ് സ്വന്തമാക്കിയത്. സ്റ്റെയിനിനെ മറികടന്നതോടെ ടെസ്റ്റ് ക്രിക്കറ്റിലെ 400 വിക്കറ്റ് ക്ലബ്ബില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള ബൗളറെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കി.
Read Also:- ഫെബ്രുവരി മാസത്തെ ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തെ പ്രഖ്യാപിച്ചു
519 വിക്കറ്റ് നേടിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് പേസ് ഇതിഹാസം കോര്‍ട്നി വാല്‍ഷാണ് അശ്വിന്‍റെ തൊട്ടു മുന്നിലുളള ബൗളര്‍. ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ എട്ടാമതാണ് ഇപ്പോള്‍ അശ്വിന്‍റെ സ്ഥാനം. മുത്തയ്യ മുരളീധരന്‍(800 വിക്കറ്റ്), ഷെയ്ന്‍ വോണ്‍(708 വിക്കറ്റ്), ജെയിംസ് ആന്‍ഡേഴ്സണ്‍(640 വിക്കറ്റ്), അനില്‍ കുംബ്ലെ(619 വിക്കറ്റ്), ഗ്ലെന്‍ മക്‌ഗ്രാത്ത്(563 വിക്കറ്റ്), സ്റ്റുവര്‍ട്ട് ബ്രോഡ്(537 വിക്കറ്റ്), കോര്‍ട്നി വാല്‍ഷ്(519 വിക്കറ്റ്) എന്നിവരാണ് ഇനി അശ്വിന് മുന്നിലുള്ളത്.
Post Your Comments