
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ ഒന്നായിരുന്നു, ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട കര്‍ണാടക ഹൈക്കോടതി വിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ സര്‍ക്കാര്‍ നിര്‍ദ്ദേശം ശരിവെച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ, രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉയര്‍ന്നുവരുന്നത്.
Read Also : തിരഞ്ഞെടുപ്പിൽ ഭാര്യ പരാജയപ്പെട്ടു: യുവാവ് ജീവനൊടുക്കി
ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും രംഗത്ത് എത്തി. ഹിജാബ് വിലക്ക് ശരിവെച്ചതിലൂടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങളുടെ ലംഘനമാണ് ഹൈക്കോടതി നടത്തിയിരിക്കുന്നതെന്ന് ഒവൈസി ആരോപിച്ചു.
‘ആരാധനയ്ക്കുളള സ്വാതന്ത്ര്യം ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ പറയുന്നുണ്ട്. എന്റെ മതത്തിന് വേണ്ടി എന്തൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. മുസ്ലീം വിശ്വാസിയായ ഒരാള്‍ക്ക് ആരാധനയുടെ ഭാഗമാണ് ഹിജാബ്. വിശ്വാസത്തിന്റെ ഭാഗമാണ് ഹിജാബെന്ന് ഒരു മുസ്ലീം സ്ത്രീ പറഞ്ഞാല്‍ പിന്നെ ആര്‍ക്കും അത് ചോദ്യം ചെയ്യാനാകില്ല’, ഒവൈസി പറഞ്ഞു.
‘യൂണിഫോം ഒരിക്കലും ഐക്യം ഉണ്ടാക്കില്ല, മതവും ജാതിയും ഒന്നും യൂണിഫോമിനുളളില്‍ ഒളിപ്പിച്ചുവെയ്ക്കാനും കഴിയില്ല. മുസ്ലീം സ്ത്രീകളില്‍ ഇത് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും. അവരെ ലക്ഷ്യമിടുന്നതായും തോന്നും. മതാചാരങ്ങള്‍ ഉപേക്ഷിക്കുന്നതല്ല ആധുനികത’, ഒവൈസി വ്യക്തമാക്കി.
കോടതി വിധിയോട് വിയോജിക്കുന്നുവെന്നും, അതിന് തനിക്ക് അവകാശമുണ്ടെന്നും, ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ പോകണമെന്നും, ഒവൈസി ട്വിറ്ററില്‍ പ്രതികരിച്ചു.
Post Your Comments