ലഖ്നൗ: സമാജ്വാദി പാർട്ടി (എസ്.പി.) ഉത്തർപ്രദേശിലെ മുഖ്യപ്രതിപക്ഷമായെങ്കിലും അധ്യക്ഷൻ അഖിലേഷ് യാദവും മുതിർന്നനേതാവ് അസംഖാനും നിയമസഭാസീറ്റുകൾ ഉപേക്ഷിച്ചേക്കും. അസംഗഡ് എം.പി.യായ അഖിലേഷ് കർഹൽ നിയമസഭാ സീറ്റിലാണ് ജയിച്ചത്. രാംപുർ എം.പി.യായ അസംഖാൻ രാംപുർ സദർ നിയമസഭാമണ്ഡലത്തിലും ജയിച്ചു.
അസംഖാൻ ജയിലിൽനിന്നാണ് തിരഞ്ഞെടുപ്പു നേരിട്ടത്. ബി.ജെ.പി.യെ തോൽപ്പിച്ചു ഭരണം പിടിക്കാമെന്ന പ്രതീക്ഷകൾ പൊലിഞ്ഞതോടെയാണ്, ഇരുവരും പാർലമെന്റ് സീറ്റുകൾ നിലനിർത്തുന്ന കാര്യം പരിഗണിക്കുന്നത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സജീവമാവുകയെന്ന ലക്ഷ്യവുമുണ്ട്.
അഖിലേഷ് യാദവ് കർഹൽസീറ്റ് ഉപേക്ഷിച്ചാൽ, മെയിൻപുരി മുൻ എം.പി. തേജ് പ്രതാപ് യാദവോ ബദൗൻ മുൻ എം.പി. ധർമേന്ദ്ര യാദവോ അവിടെ മത്സരിക്കും.രാംപുരിൽ അസംഖാന്റെ ഭാര്യ തസീം ഫാത്തിമ മത്സരിക്കാനാണ് സാധ്യത. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എ.മാരുടെ യോഗം ഈ മാസം 21-ന് എസ്.പി. വിളിച്ചിട്ടുണ്ട്.
Post Your Comments