മുംബൈ: ഇന്ത്യയുടെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീര്‍. മുന്‍ സ്പിന്‍ ഇതിഹാസമായ അനില്‍ കുംബ്ലെയെയാണ് ഗംഭീറിന്റെ ഓള്‍ടൈം ഇലവനെ നയിക്കുക. തന്റെ ജീവന്‍ ആര്‍ക്കെങ്കിലും നല്‍കാന്‍ തയ്യാറാണെങ്കില്‍ അതു കുംബ്ലെയ്ക്കായിരിക്കുമെന്നും ഓള്‍ടൈം ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുക്കുന്നതിനിടെ ഗംഭീര്‍ പറഞ്ഞു. അതേസമയം, മികച്ച ഫോമിൽ തുടരുന്ന ഒരുപിടി നല്ല താരങ്ങൾക്ക് ടീമിൽ ഇടം നേടാനായില്ല.
ഗംഭീറിന്റെ ഓള്‍ടൈം ഇലവനില്‍ നിന്നും തഴയപ്പെട്ട പ്രമുഖ താരങ്ങളിലൊരാള്‍ നിലവിലെ ക്യാപ്റ്റൻ രോഹിത് ശര്‍മയാണ്. മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കും ഇടമില്ല. മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുംറ എന്നിവര്‍ക്കും ഇലവനില്‍ ഇടം ലഭിച്ചില്ല.
ഇന്ത്യയ്ക്ക് രണ്ടു ലോകകപ്പുകളടക്കം മൂന്നു ഐസിസി ട്രോഫികള്‍ നേടിത്തന്ന ക്യാപ്റ്റനായിട്ടും എംഎസ് ധോണിക്കു പകരം അനില്‍ കുംബ്ലെയ്ക്കു ക്യാപ്റ്റന്‍സി നല്‍കാനുള്ള കാരണവും ഗംഭീര്‍ വെളിപ്പെടുത്തി. ‘ദേശീയ ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ ഒരിക്കല്‍ ഞാനും വീരേന്ദര്‍ സെവാഗും ഡിന്നര്‍ കഴിച്ചുകൊണ്ടിരിക്കെ അനില്‍ കുംബ്ലെ അവിടേക്കു വന്നു. എന്തു തന്നെ സംഭവിച്ചാലും, എട്ടു ഡെക്കുകള്‍ നേടിയാലും ഈ പരമ്പരയില്‍ നിങ്ങള്‍ തന്നെയായിരിക്കും ഓപ്പണ്‍ ചെയ്യുകയെന്നു കുംബ്ലെ അന്ന് പറഞ്ഞിരുന്നു’.
മുന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കറും വെടിക്കെട്ട് ബാറ്റ്സ്മാനായ വീരേന്ദര്‍ സെവാഗുമാണ് ഗൗതം ഗംഭീറിന്റെ ഓള്‍ടൈം ഇലവന്റെ ഓപ്പണര്‍മാര്‍. മൂന്ന്, നാല് പൊസിഷനുകളില്‍ കളിക്കുക രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരായിരിക്കും. അഞ്ചാം നമ്പറില്‍ വിരാട് കോഹ്ലിയാണ്.
മുന്‍ ഇതിഹാസ നായകന്‍ കൂടിയായ കപില്‍ ദേവാണ് ഇലവനിലെ ഒരേയൊരു ഓള്‍റൗണ്ടര്‍. ബൗളിങില്‍ രണ്ടു വീതം സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും സ്പിന്നര്‍മാരുമാണ് ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കുംബ്ലെയുടെ സ്പിന്‍ പങ്കാളി മുന്‍ ഇതിഹാസ ഓഫ് സ്പിന്നറായ ഹര്‍ഭജന്‍ സിങാണ്.
Read Also:- ചാമ്പ്യൻസ് ലീഗിലെ തോൽവി: പിഎസ്ജി തട്ടകത്തിൽ മെസിക്കും നെയ്മറിനും കൂവല്‍
ഗംഭീറിന്റെ ഓള്‍ടൈം ഇലവൻ: സുനില്‍ ഗവാസ്‌കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, കപില്‍ ദേവ്, മഹേന്ദ്രസിങ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലെ (ക്യാപ്റ്റന്‍), സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ്.
Post Your Comments