ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നേടിയ വൻ വിജയത്തിൽ പ്രതികരിച്ച് സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം യാദവിന്റെ മരുമകൾ അപർണ യാദവ്. തീവ്ര രാജ്യസ്നേഹി ആയതിനാലാണ് താൻ സമാജ് വാദി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതെന്ന് അപർണ വ്യക്തമാക്കി. യു.പിയിൽ ബി.ജെ.പി ജയിക്കില്ലെന്ന് പറഞ്ഞ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പലരുടെയും വാദങ്ങൾ പൊളിഞ്ഞുവെന്ന്, തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ബി.ജെ.പിയിൽ ചേർന്ന അപർണ പരിഹസിച്ചു.
‘ബി.ജെ.പിക്ക് വൻ വിജയമാണ് യു.പിയിൽ ലഭിച്ചത്. സമാജ് വാദി പാർട്ടിക്ക് എവിടെയാണ് പിഴച്ചത് എന്നറിയില്ല. എനിക്ക് എന്റെ രാജ്യമാണ് വലുത്. എല്ലാ ഇന്ത്യക്കാരും രാജ്യസ്നേഹികൾ ആണ്. പക്ഷെ, ഞാൻ തീവ്ര രാജ്യസ്നേഹിയാണ്. അതുകൊണ്ടാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതാണ് ഉചിതമെന്ന് കരുതി. രാജ്യത്തിന് വേണ്ടിയാണ് ഞാൻ ബി.ജെ.പിയിൽ ചേർന്നത്. നേതൃത്വം എന്ത് ഉത്തരവാദിത്വം തന്നാലും സന്തോഷകരമായി ഏറ്റെടുത്ത് പ്രവർത്തിക്കും’, അപർണ വ്യക്തമാക്കി.
Also Read:തിരിച്ചുവരണം: ആഗ്രഹം പറഞ്ഞ് യുക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി
നേരത്തെ, ഇ.വി.എമ്മുകളിൽ കൃത്രിമം കാണിച്ചാണ് യു.പിയിൽ ബി.ജെ.പി ജയിച്ചതെന്ന എതിർ രാഷ്ട്രീയക്കാരുടെ ആരോപണത്തെ അപർണ അപലപിച്ചിരുന്നു. ബി.ജെ.പി, വോട്ടിൽ കൃത്രിമം കാണിച്ചെന്ന് അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവർ ആരോപിച്ചിരുന്നു. യു.പിയിലെ ജനങ്ങൾ സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ ആണ് വോട്ട് ചെയ്തെന്നും യാതൊരു കൃത്രിമത്വവും ഇതിൽ ഇല്ലെന്നും അപർണ മറുപടി നൽകി. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെ രണ്ടാം ടേമിലേക്ക് തിരഞ്ഞെടുക്കാമെന്ന് തീരുമാനിച്ചത് ജനങ്ങളാണെന്നും അപർണ വ്യക്തമാക്കി.
Post Your Comments