ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ പഞ്ചാബ് കൂടി കൈവിട്ടതോടെ കോണ്‍ഗ്രസിന് ലോകസഭയ്‌ക്ക് പിന്നാലെ രാജ്യസഭയിലെ പ്രതിപക്ഷ നേതൃപദവി നഷ്ടമായേക്കും. ഈ വര്‍ഷാവസാനം നടക്കുന്ന കര്‍ണാടക, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്യമായ വിജയം നേടാന്‍ സാധിച്ചില്ലെങ്കില്‍ നേതൃപദവി നഷ്ടപ്പെടാനാണ് സാധ്യത. ഇവിടെ രണ്ടിടത്തും ബിജെപിയാണ് ഇപ്പോൾ ഭരണം. കോൺഗ്രസ് അധികാരത്തിലേറുക ശ്രമകരവുമാണ്.
നിലവില്‍, 34 അംഗങ്ങളാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ ഉള്ളത്. സഭയിലെ മൊത്തം അംഗങ്ങളുടെ പത്ത് ശതമാനമുണ്ടായാൽ മാത്രമേ നേതൃപദവി അവകാശപ്പെടാന്‍ സാധിക്കുകയുള്ളൂ. 25 സീറ്റുകളാണ് നിലവില്‍ ഇതിനാവശ്യമുള്ളത്. കേരളമടക്കം ആറു സംസ്ഥാനങ്ങളില്‍ 13 സീറ്റുകളിലേയ്ക്ക് മാര്‍ച്ച് 31 ന് തെരഞ്ഞെടുപ്പ് നടക്കും. ഇതില്‍ അഞ്ച് സീറ്റും നിലവില്‍ ഭരണം നഷ്ടമായ പഞ്ചാബിലാണ്. രണ്ട് സീറ്റുകളില്‍ കൂടി വര്‍ഷാവസാനത്തോടെ പഞ്ചാബില്‍ ഒഴിവുവരും. ഈ ഏഴില്‍ ഒന്ന് പോലും നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കില്ല.
ഈ സീറ്റുകളില്‍ എല്ലാം എഎപിക്ക് വിജയിക്കാനും സാധിക്കും. പഞ്ചാബില്‍ നിന്ന്, ഇപ്പോള്‍ മൂന്ന് അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. മൂന്ന് അംഗങ്ങളുണ്ടായിരുന്ന ശിരോമണി അകാലിദളിനും പൂര്‍ണ്ണമായും അംഗത്വം നഷ്ടമാവും. ജൂലൈയില്‍ യുപിയില്‍ നിന്നുള്ള 11 രാജ്യസഭാ സീറ്റുകളിലും ഒഴിവ് വരും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 13ല്‍ എട്ടും കോണ്‍ഗ്രസിന് നഷ്ടമാവുന്നതോടെ അംഗസംഖ്യ 26 ആയിത്തീരും.
ഇതോടെ, കോണ്‍ഗ്രസിന് രാജ്യസഭയിലും നേതൃപദവി നഷ്ടമാവും. ലോക്‌സഭയിലും നിലവില്‍ പാര്‍ട്ടിയ്ക്ക് നേതൃസ്ഥാനമില്ല. നിലവിൽ കോൺഗ്രസിന്റെ മല്ലികാർജുൻ ഖാർഗെയാണ് പ്രതിപക്ഷ നേതാവ്. കോൺഗ്രസിന് ലോക്‌സഭയിൽ പ്രതിപക്ഷ നേതാവെന്ന പദവിയില്ല, കാരണം, സഭയിലെ അംഗസംഖ്യയുടെ 10 ശതമാനത്തിൽ താഴെയാണ് അവരുടെ അംഗസംഖ്യ.
Post Your Comments