മുംബൈ: ഐപിഎല്ലില്‍ മികച്ച ക്യാപ്റ്റനാകാന്‍ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്ക് കഴിയുമെന്ന് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ക്രിക്കറ്റ് ഡയറക്‌ടര്‍ വിക്രം സോളങ്കി. ക്യാപ്റ്റനായി വിജയിക്കാനുള്ള ഘടകങ്ങള്‍ പാണ്ഡ്യയില്‍ കാണാമെന്നും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, എംഎസ് ധോണി എന്നിവരില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പാണ്ഡ്യ പഠിച്ചിട്ടുണ്ടെന്നും സോളങ്കി പറഞ്ഞു.
‘ക്യാപ്റ്റനായി വിജയിക്കാനുള്ള ഘടകങ്ങള്‍ ഹര്‍ദ്ദിക് പാണ്ഡ്യയില്‍ കാണാം. ഇന്ത്യന്‍ ടീമിലെ ലീഡര്‍ഷിപ്പ് സംഘത്തില്‍ അംഗമായിരുന്നു ഹര്‍ദ്ദിക്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, എംഎസ് ധോണി എന്നിവരില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പാണ്ഡ്യ പഠിച്ചിട്ടുണ്ട്. ക്യാപ്റ്റന്‍സി വളര്‍ച്ചയില്‍ അതെല്ലാം ഹര്‍ദ്ദിക് ഉപയോഗിക്കും. സപ്പോര്‍ട്ട് സ്റ്റാഫുകളുടെ ശക്തമായ പിന്തുണ ഹര്‍ദ്ദിക്കിനുണ്ടാകും’.
‘പരിക്കില്‍ നിന്നുള്ള മടങ്ങി വരവില്‍ ഹര്‍ദ്ദിക് കഠിനമായി പരിശ്രമിക്കുകയാണ്. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും കൂടുതല്‍ വേഗത കൈവരിക്കാനുണ്ടെന്ന് അദേഹത്തിന് ബോധ്യമുണ്ട്. കഴിഞ്ഞ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സില്‍ നിര്‍ണായക താരമായിരുന്നെങ്കിലും ക്യാപ്റ്റന്‍സി പരിചയം ഹര്‍ദ്ദിക്കിനില്ല. എങ്കിലും, ടീമിനെ മികച്ച നിലയില്‍ നയിക്കാന്‍ അവനാകും’ വിക്രം സോളങ്കി പറഞ്ഞു.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് 15 കോടി രൂപ മുടക്കിയാണ് പാണ്ഡ്യയെ സ്വന്തമാക്കിയത്. മെഗാ താരലേലത്തിന് മുമ്പ് താരത്തിനെ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിക്കുകയും ചെയ്തു.
Post Your Comments