അഹമ്മദാബാദ്: ചെന്നൈ-ഗുജറാത്ത് ഫൈനൽ കാണാൻ കാത്തിരുന്ന ആരാധകരെ നിരാശരാക്കി മഴ. സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തിലധികം ഫാന്‍സിനും ടെലിവിഷന്‍-മൊബൈല്‍ സ്ക്രീനുകള്‍ക്ക് മുമ്പില്‍ സമയം നോക്കിയിരുന്ന കോടിക്കണക്കിന് ആരാധകര്‍ക്കും നിരാശ സമ്മാനിച്ച് മത്സരം റിസര്‍വ് ദിനമായ ഇന്നത്തേക്ക് (29-05-2023) മാറ്റി. മത്സരത്തിന് മുന്നേ തുടങ്ങിയ കനത്ത മഴയും ഇടിമിന്നലുമാണ് മത്സരം മാറ്റിവെക്കാൻ കാരണമായത്.
മഴ മാറാതിരുന്നതോടെ രാത്രി പത്ത് മണിക്ക് ശേഷം പല ആരാധകരും സ്റ്റേഡിയം വിടാന്‍ നിര്‍ബന്ധിതരായി. അഹമ്മദാബാദില്‍ വൈകിട്ട് മുതല്‍ തകര്‍ത്തുപെയ്‌ത മഴ ചെന്നൈ-ഗുജറാത്ത് മത്സരം പ്രതിസന്ധിയിലാക്കുകയായിരുന്നു. അഹമ്മദാബാദില്‍ ഉച്ചകഴിഞ്ഞ് വരെ തെളിഞ്ഞ ആകാശമായിരുന്നു എങ്കില്‍ ടോസ് ഇടേണ്ടതിന് അരമണിക്കൂർ മുൻപ് മഴ ആരംഭിക്കുകയായിരുന്നു. മഴ പെയ്യാനുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.
ഓവറുകള്‍ വെട്ടിച്ചുരുക്കാതെ മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന സമയം 9.35 ആയിരുന്നു. ഈ സമയം പിന്നിട്ടും മഴ തുടര്‍ന്നതോടെ ആരാധകരുടെ പ്രതീക്ഷകളെല്ലാം അവതാളത്തിലായി. അഞ്ച് ഓവര്‍ വീതമുള്ള മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന അവസാന സമയപരിധി 12:06 ആയിരുന്നു. രാത്രി 11 മണിയോടെ മഴ അവസാനിച്ചില്ലെങ്കില്‍ മത്സരം തിങ്കളാഴ്‌ചയിലേക്ക് മാറ്റേണ്ടിവരുമെന്ന് അംപയര്‍മാര്‍ അറിയിക്കുകയായിരുന്നു. ആ സമയമത്രയും മത്സരം ഇപ്പോൾ തുടങ്ങുമെന്ന പ്രതീക്ഷയിൽ സ്റ്റേഡിയത്തിൽ കാത്തിരിക്കുകയായിരുന്നു ആരാധകർ.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ചാം കിരീടത്തിലേക്ക് നയിക്കാനാണ് എം എസ് ധോണി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയിരിക്കുന്നത്. അഞ്ചാം കിരീടം നേടിയാല്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍ എന്ന റെക്കോര്‍ഡിന് ഒപ്പമെത്താന്‍ ധോണിക്കാവും. കഴിഞ്ഞ സീസണിലെ കിരീടം നിലനിര്‍ത്തുകയാണ് ചെന്നൈയുടെ എതിരാളികളായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ലക്ഷ്യം.
Post Your Comments