തൃശ്ശൂർ: ചാലക്കുടിയില്‍ 2 കോടി രൂപയോളം വിലവരുന്ന, 75 കിലോ കഞ്ചാവുമായി ഒരു കുടുംബത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായി. കുടുംബസമേതം ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വരികയായിരുന്ന സംഘത്തെയാണ് എക്‌സൈസ് പിടികൂടിയത്. ഓട്ടത്തിന് വിളിച്ച ടാക്‌സി കാറിലാണ് കുടുംബം വിദഗ്ധമായി കഞ്ചാവ് കടത്തിയത്.
മണ്ണാര്‍ക്കാട് സ്വദേശി ഇസ്മയില്‍, മൈസൂര്‍ സ്വദേശി മുനീര്‍, ഭാര്യ ശ്വേത, ശ്വേതയുടെ സഹോദരി ശാരദ എന്നിവരെയാണ് സംഭവത്തിൽ തൃശൂര്‍ എക്സൈസ് ഇന്റലിജൻസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ കോയമ്പത്തൂരില്‍ നിന്നാണ് ടാക്‌സി വിളിച്ചത്. കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഇവരെ ഒരു തരത്തിലും സംശയിച്ചിരുന്നില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ്, എക്‌സൈസ് സംഘം ദേശീയപാതയില്‍ ഇവർക്കായി അർദ്ധരാത്രി മുതല്‍ കാത്തുനിന്നത്. പുലര്‍ച്ചെ 1.30 ന് ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനിൽ എത്തിയ കാറിനെ അധികൃതര്‍ തടഞ്ഞു നിർത്തി.
തുടക്കത്തില്‍, എക്‌സൈസ് സംഘത്തിന് പോലും സംശയം ഉണ്ടാക്കാത്ത തരത്തിലാണ് ഇവർ പെരുമാറിയിരുന്നത്. അടിയന്തിരമായി കുടുംബസമേതം വിമാനത്താവളത്തൽ എത്തേണ്ടതുണ്ടെന്ന് ഇവര്‍ ഉദ്യോഗസ്ഥരോടും പറഞ്ഞു. പിന്നീട്, എക്സൈസ് സംഘം കാര്‍ വിശദമായി പരിശോധിച്ചതോടെയാണ് ഇവർ കഞ്ചാവ് കടത്തുകയാണെന്ന് വ്യക്തമായത്. ട്രാവല്‍ ബാഗുകളിൽ 30 ഓളം പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലാണ് ഉദ്യോഗസ്ഥർ കഞ്ചാവ് കണ്ടെടുത്തത്.
Post Your Comments