ന്യൂഡൽഹി: മലയാളം വാർത്താ ചാനലായ മീഡിയാ വൺ സമർപ്പിച്ച അപ്പീലിൽ ഇടക്കാല ആശ്വാസമില്ല. മീഡിയാ വൺ സമർപ്പിച്ച ഇടക്കാല അപേക്ഷ മാർച്ച് 15 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആണ് അപ്പീൽ പരിഗണിക്കുക. ചാനൽ നൽകിയ അപ്പീലിൽ ഇടക്കാല ഉത്തരവ് ഉണ്ടായില്ല. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച ബെഞ്ച്, അടുത്ത വാദം കേൾക്കുമ്പോൾ എല്ലാ ഫയലുകളും ഹാജരാക്കാൻ കേന്ദ്രത്തോട് നിർദേശിച്ചു.
മീഡിയാ വണ്ണിന് വേണ്ടി, മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, ദുഷ്യന്ത് ദവെ എന്നിവരാണ് കോടതിയിൽ ഹാജരായത്. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഫയൽ വിളിക്കാനുള്ള ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം ആർട്ടിക്കിൾ 19 (1) (എ) യുടെ ലംഘനമാണെന്ന് മുകുൾ റോത്തഗി വാദിച്ചു. ‘ഞങ്ങൾക്ക് സിംഗിൾ ജഡ്ജിയുടെ ഇടക്കാല ഉത്തരവ് ഉണ്ടായിരുന്നു, എന്നാൽ ഡിവിഷൻ ബെഞ്ച് അപ്പീൽ കേൾക്കുകയും അതേ ദിവസം തന്നെ തീരുമാനിക്കുകയും ചെയ്തു. ഞങ്ങൾക്ക് ഇടക്കാല ഉത്തരവ് തരൂ’, റോത്തഗി വാദിച്ചു. ചാനലിൽ നൂറുകണക്കിന് ജീവനക്കാരും 2.5 കോടി പ്രേക്ഷകരും ഉണ്ടെന്ന് റോത്തഗി അറിയിച്ചു.
എല്ലാ ഫയലുകളും മാർച്ച് 15 ന് ഹാജരാക്കാൻ ആവശ്യപ്പെട്ട കോടതി, അന്നേ ദിവസം, അപ്പീലിന്റെ ഇടക്കാല അപേക്ഷ പരിഗണിക്കുന്നതായിരിക്കും.
Post Your Comments