ദുബായ്: ക്രിക്കറ്റിലെ നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്. മങ്കാദിങുള്‍പ്പെടെയുള്ളവയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് എംസിസി. ബൗളറുടെ കൈയില്‍ നിന്നും പന്ത് റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ നോണ്‍ സ്‌ട്രൈക്കര്‍ ക്രീസിനു പുറത്തേക്ക് ഇറങ്ങിയാല്‍ റണ്ണൗട്ട് ചെയ്യുന്ന മങ്കാദിങ് നേരത്തെ തന്നെ വിവാദ നിയമങ്ങളിൽ ഇടം നേടിയിരുന്നു. ഈ നിയമത്തില്‍ വലിയൊരു പരിഷ്‌കാരമാണ് എംസിസി ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.
നേരത്തേ, ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്തതാണ് മങ്കാദിങ് എന്നായിരുന്നു വിലയിരുത്തിയിരുന്നത്. അതുകൊണ്ടു തന്നെ, അവസരമുണ്ടായിട്ടും ലോക ക്രിക്കറ്റില്‍ ആരും തന്നെ മങ്കാദിങ് ഉപയോഗിക്കുന്നതും കണ്ടിട്ടില്ല. എന്നാൽ, ഐപിഎല്ലിലായിരുന്നു അവസാനമായി മങ്കാദിങ് വലിയ ചര്‍ച്ചയായി മാറിയത്. 2019ലെ ടൂര്‍ണമെന്റിലായിരുന്നു സംഭവം.
അന്ന് പഞ്ചാബ് കിങ്‌സിന്റെ ബൗളറായിരുന്ന ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിൽ നോണ്‍ സ്‌ട്രൈക്കറായ ജോസ് ബട്‌ലറെ മങ്കാദ് ചെയ്യുകയായിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കി. അശ്വിനെതിരെ മുന്‍ താരങ്ങളില്‍ നിന്നും ക്രിക്കറ്റ് പ്രേമികളില്‍ നിന്നുമെല്ലാം വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പക്ഷെ അശ്വിനു തന്റെ പ്രവര്‍ത്തിയില്‍ കുറ്റബോധമില്ലായിരുന്നു. നിയമം അനുവദിച്ചിട്ടുള്ളതു തന്നെയാണ് താന്‍ ചെയ്തതെന്നും ഭാവിയിലും ഇത് ആവര്‍ത്തിക്കാന്‍ മടിയില്ലെന്നും അദ്ദേഹം തുറന്നടിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇപ്പോള്‍ മങ്കാദിങിന്റെ നിയമത്തില്‍ പുതിയ ഭേദഗതി എംസിസി വരുത്തിയതോടെ ഇനിയാര്‍ക്കും അശ്വിനെയോ ഈ തരത്തില്‍ റണ്ണൗട്ട് നടത്തുന്നവരെയോ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. മങ്കാദിങില്‍ മാത്രമല്ല, മറ്റ് ചില നിയമങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തിയതായി എസിസിയുടെ ലോ മാനേജറായ ഫ്രേസര്‍ സ്റ്റുവേര്‍ഡ് അറിയിച്ചു.
Read Also:- ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങൾക്ക് തിരിച്ചടി
എംസിസി വരുത്തിയ നിയമഭേദഗതികള്‍ ഇനി ഐസിസിയും ദേശീയ ക്രിക്കറ്റ് അസോസിയേഷനുകളും അംഗീകരിക്കുകയെന്ന നടപടി ക്രമം മാത്രമാണ് ഇനി ബാക്കിയുള്ളത്. സാധാരണയായി എംസിസിയുടെ നിയമങ്ങള്‍ ഐസിസിയും ക്രിക്കറ്റ് ബോര്‍ഡുകളും എതിര്‍പ്പുകളില്ലാതെ തന്നെ അംഗീകരിക്കാറുണ്ട്.
Post Your Comments