ഡൽഹി: അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിംഗ് തന്ത്രം വിമർശന പെരുമഴ ഏറ്റുവാങ്ങിയതോടെ, തെറ്റായ ധാരണ പ്രചരിപ്പിക്കുന്ന പരസ്യം പിന്‍വലിച്ച്, മാപ്പ് പറഞ്ഞ് ഫ്ലിപ്കാർട്ട്. വനിതാ ദിനത്തില്‍ അടുക്കള ഉപകരണങ്ങൾക്ക് ഓഫര്‍ നല്‍കിക്കൊണ്ടുള്ള കമ്പനിയുടെ മാര്‍ക്കറ്റിംഗ് തന്ത്രമാണ് സാമൂഹിക മാധ്യമങ്ങൾ തകർത്തെറിഞ്ഞത്.
സ്ത്രീകള്‍ അടുക്കളയിലെ ജോലികള്‍ ചെയ്യേണ്ടവരാണെന്ന, തെറ്റായ പൊതുബോധത്തെ ഊട്ടിയുറപ്പിക്കുന്ന തരത്തിലാണ് ഫ്ലിപ്കാർട്ട് പരസ്യം നൽകിയതെന്ന് സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിച്ചതാണ്, വ്യവസായ ഭീമനെ ഒടുവിൽ മാപ്പ് പറയിച്ചത്. ‘ഈ വനിതാ ദിനത്തില്‍ സ്ത്രീത്വത്തെ ആഘോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഫ്ലിപ്കാർട്ട് അടുക്കള ഉപകരണങ്ങള്‍ക്കുള്ള ഓഫര്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേര്‍ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തി.
സമത്വത്തിനായുള്ള സ്ത്രീകളുടെ പോരാട്ടത്തെ അവഗണിക്കുന്ന തരത്തിലുള്ള പരസ്യമാണ് ഫ്ലിപ്കാർട്ടിന്റേതെന്ന് ആയിരുന്നു പ്രധാന ആരോപണം. ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നതിലെ പിഴവ് എന്താണെന്ന് പോലും മനസ്സിലാക്കാൻ ഫ്ലിപ്കാർട്ടിന് കഴിയാത്തതിനെ പലരും അപലപിച്ചിരുന്നു.
മാര്‍ക്കറ്റിംഗ് തന്ത്രം വിവാദം ക്ഷണിച്ചു വരുത്തിയതോടെ, ഫ്ലിപ്കാർട്ട് തന്നെ ഖേദപ്രകടനവുമായി രംഗത്തെത്തി. തങ്ങളുടെ വനിതാ ദിന സന്ദേശത്തിലെ തെറ്റ് ബോധ്യപ്പെട്ടതായും, അതില്‍ നിര്‍വ്യാജം ഖേദിക്കുകയാണെന്നും ഫ്ലിപ്കാർട്ട്, തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
Post Your Comments