സന : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍ കോടതി ശരിവച്ച സാഹചര്യത്തില്‍ , പ്രതികരണവുമായി
സേവ് നിമിഷ ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ദീപ ജോസഫ്. നിമിഷപ്രിയയ്ക്ക് ഇളവ് ലഭിക്കാന്‍ സാധ്യത കുറവാണെന്ന് ദീപ പറയുന്നു.
രണ്ടു കാര്യങ്ങളേ ഇനി ചെയ്യാനുള്ളൂ. ഒന്ന് സുപ്രീം കോടതിയില്‍ അപ്പീലിനു പോകുക. രണ്ടു ദയാധനം നല്‍കുക. നിമിഷയുടെ കുറ്റസമ്മതം കീഴ്‌ക്കോടതിയില്‍ കിടക്കുന്നത് കൊണ്ട് മേല്‍ക്കോടതിയും അതു ശരിവയ്ക്കുന്നു എന്നതാണു സത്യം. ഇനി സുപ്രീം കോടതിയില്‍ പോയാലും വലിയ സാധ്യതയില്ലെന്ന് ദീപ പറയുന്നു.
‘വിചാരണ സമയത്ത് എന്തെങ്കിലും പിഴവുകള്‍ പറ്റിയെങ്കില്‍ മാത്രമേ കേസ് പുനഃപരിശോധിക്കാന്‍ സാധ്യതയുള്ളൂ. നീതി കിട്ടുമെന്ന പ്രതീക്ഷ വളരെ കുറവായതിനാല്‍ ഇനി ചെയ്യാന്‍ പറ്റുന്നതു ദയാധനം നല്‍കുക എന്നതാണ്. അതുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ തന്നെ തുടങ്ങേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സേവ് നിമിഷ ആക്ഷന്‍ കൗണ്‍സിലിന്റെ യോഗത്തിനു ശേഷം മാത്രം ആയിരിക്കും’- ദീപ പറഞ്ഞു.
അതേസമയം, വിധിക്കെതിരെ അപ്പീല്‍ നല്‍കാമെങ്കിലും സുപ്രീം കോടതി, നടപടി ക്രമങ്ങള്‍ മാത്രമായിരിക്കും പരിശോധിക്കുകയെന്ന് യെമനിലെ മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ ഇനി പ്രതീക്ഷ ദയാധനമാണ്. തലാലിന്റെ സഹോദരനുമായി ചര്‍ച്ച സാധ്യമാകുമെന്നാണു പ്രതീക്ഷ. ഇന്ത്യന്‍ എംബസിയും ചര്‍ച്ചകള്‍ക്കു പിന്തുണ നല്‍കുമെന്ന് സാമുവല്‍ ജെറോം പറഞ്ഞു.
Post Your Comments