തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രധാന പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ നീതിന്യായ ചരിത്രത്തില്‍ പുതു ചരിത്രം. കേരളത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയാണ് 24 വയസുകാരിയായ ഗ്രീഷ്മ. കേരളത്തില്‍ ഇപ്പോള്‍ വധശിക്ഷ കാത്ത് കഴിയുന്ന രണ്ടാമത്തെ മാത്രം സ്ത്രീയുമായി ഗ്രീഷ്മ മാറി.
Read Also: ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍
ഷാരോണ്‍ രാജ് വധക്കേസില്‍ ഷാരോണിന്റെ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല്‍കുമാറിന് മൂന്ന് വര്‍ഷം തടവുമാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഷാരോണിനെ പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും അംഗീകരിച്ചാണ് കോടതി കേരള ചരിത്രത്തിലെ തന്നെ നിര്‍ണായകമായ വിധിപ്രസ്താവം നടത്തിയത്. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി.
കാമുകന്‍ ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബര്‍ 14ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല്‍കുമാറിനെ 3 വര്‍ഷം തടവുശിക്ഷയ്ക്കും നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വിധിച്ചു. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
ഗ്രീഷ്മയെ കൂടാതെ കേരളത്തില്‍ ഇപ്പോള്‍ മറ്റൊരു വനിതയേ വധശിക്ഷ കാത്ത് കഴിയുന്നുള്ളൂ. വിഴിഞ്ഞം മുല്ലൂരില്‍ ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായ റഫീഖ ബീവിയാണ് ഇപ്പോള്‍ കേരളത്തില്‍ വധശിക്ഷ കാത്ത് കഴിയുന്ന മറ്റൊരു വനിതാ കുറ്റവാളി.
Post Your Comments