തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ നാളെ ശിക്ഷ വിധിക്കും. ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. സംശയത്തിന്റെ ആനുകൂല്യത്തിലാണു ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിട്ടത്.
കാമുകനായ മുര്യങ്കര ജെപി ഹൗസില്‍ ജെ.പി.ഷാരോണ്‍ രാജിനെ (23) വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. പാറശാല തേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (22) ആണ് ഒന്നാം പ്രതി. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി.
ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങള്‍ക്കു അമ്മ സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്മയ്ക്കു വാങ്ങി നല്‍കിയത് നിര്‍മല കുമാരന്‍ നായരാണ് എന്നും പൊലീസ് കണ്ടെത്തി. ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദധാരിയാണ് ഗ്രീഷ്മ. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍ രാജ്. കഴിഞ്ഞ ഒക്ടോബര്‍ 15നു തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെ വിസ്തരിച്ചു.
2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മയുടെ വീട്ടില്‍ വച്ചാണ് ഷാരോണ്‍ രാജ് കഷായം കഴിക്കുന്നത്. ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചാണു ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു. അവശനിലയിലായി പല ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് 25നു ഷാരോണ്‍ മരിച്ചു. ക്രൈംബ്രാഞ്ചിന്റെ കേസ് അന്വേഷണത്തിനിടെ ഒക്ടോബര്‍ 30ന് ഗ്രീഷ്മ കുറ്റസമ്മതം നടത്തി.
Post Your Comments