ഡൽഹി: ഉക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഉറപ്പ് നൽകി. നിലവിൽ മൃതദേഹം എംബാം ചെയ്ത് ഉക്രൈനിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉക്രൈനിലെ ഷെല്ലിംഗ് അവസാനിച്ചാൽ ഉടൻ തന്നെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മേ അറിയിച്ചു. നവീന്‍റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രിയാണ് സ്ഥിരീകരണം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഖാർകീവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ വിദ്യാർത്ഥി ആയിരുന്ന നവീൻ കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണം നടന്നത്. നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ഉക്രൈൻ അധികൃതരുമായി ചർച്ച നടത്തി വരികയാണെന്നാണ് വിദേശകാര്യ മന്ത്രാലയം ഒടുവില്‍ അറിയിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ നിന്ന് അറിയിപ്പുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും, എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സർക്കാർ നടപടി എടുക്കണമെന്നും നേരത്തെ നവീന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഹവേരിയിലെ കര്‍ഷക കുടുംബത്തിലെ അംഗമാണ് നവീൻ.
Post Your Comments