മനുഷ്യന്റെ അതിജീവനത്തിന് വേണ്ടിയുള്ള ചില പ്രവർത്തികൾ പലപ്പോഴും നമുക്ക് ചുറ്റുമുള്ള പല ജീവികളുടെയും ഉന്മൂലനത്തിന് കാരണമായേക്കാം. അത്തരത്തിൽ വംശനാശം വന്നുപോയ ഒരു പക്ഷിവർഗ്ഗമാണ് ‘ഹെൽമറ്റഡ് ഹോൺബിൽ’ എന്നയിനം വേഴാമ്പലുകൾ. മറ്റു വേഴാമ്പലുകളിൽ നിന്നും വ്യത്യസ്തമായ ഒരു ജീവിതശൈലിയാണ് ഇവ പിന്തുടരുന്നത്. അതു കൊണ്ടു തന്നെ ഇവ എല്ലാ പ്രദേശങ്ങളിലും കാണപ്പെടുകയുമില്ല. മലയ് പെനിൻസുല, സുമാത്ര, ബോർണിയോ എന്നിവിടങ്ങളിലാണ് നിലവിൽ ഈ പക്ഷി വർഗ്ഗത്തെ കണ്ടെത്തിയിട്ടുള്ളത്.
Also Read:മരുമകൻ വിളിയോട് പ്രതികരിക്കാന് സമയമില്ല, പ്രവൃത്തിയാണ് മറുപടി: മുഹമ്മദ് റിയാസ്
വർഷത്തിലൊരിക്കൽ മാത്രം ഇണ ചേരുന്ന ഇവ, ഒറ്റത്തവണ ഒരേയൊരു മുട്ടയിട്ടേ കുഞ്ഞിനെ വിരിയിക്കൂ എന്നതാണ് ഏറ്റവും രസകരമായ കാര്യം. ആ ഒരൊറ്റ മുട്ട കാട്ടിലെ തന്നെ ഏറ്റവും കരുത്തേറിയതും, ഉയരമുള്ളതുമായ മരത്തിലെ കൂട്ടിൽ കൊണ്ട് വച്ച് അമ്മ വേഴാമ്പൽ അടയിരിക്കൽ തുടങ്ങും. മുട്ടവിരിഞ്ഞ് ആദ്യത്തെ അഞ്ചുമാസത്തേക്ക് അമ്മയും കുഞ്ഞും പുറത്തിറങ്ങില്ല. കൂടിന്റെ ‘വാതിലാ’കെ മൂടി ചെറിയൊരു ദ്വരം മാത്രമിട്ട് അതിലൂടെ കൊക്കുപുറത്തേക്ക് നീട്ടി അവരിരുവരും കാത്തിരിക്കും. അച്ഛൻ വേഴാമ്പൽ വന്ന് ഇരുവർക്കും ഭക്ഷണം കൊടുക്കും. ഇനി അച്ഛൻ വേഴാമ്പൽ വന്നില്ലെങ്കിൽ അമ്മയും കുഞ്ഞും കാത്തിരുന്നൊടുക്കം ആ കൂട്ടിൽ തന്നെ മരിച്ചു കിടക്കും. മറ്റൊരു ജീവികളിലും കണ്ടു വരാത്ത ഈ ഒരു പ്രത്യേകത തന്നെയാണ് ഇവയുടെ വംശത്തെ മനോഹരമാക്കുന്നതും അതുപോലെ തന്നെ ഇല്ലായ്മ ചെയ്യുന്നതും.
വർഷത്തിലൊരിക്കൽ മാത്രം മുട്ടയിട്ട് അടയിരിക്കുന്നതുകൊണ്ടുതന്നെ ഇവയുടെ എണ്ണം വളരെ കുറവാണ്. വംശനാശഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കാൻ നിർദ്ദേശം ഉണ്ടെങ്കിലും ഇവയുടെ കൊമ്പിനു വേണ്ടി വേഴാമ്പലുകളെ മുഴുവൻ കൊന്ന് ലക്ഷങ്ങൾ സമ്പാദിക്കാനുള്ള ഓട്ടത്തിലാണ് വനം കൊള്ളക്കാരും, മറ്റു മനുഷ്യരുമിപ്പോൾ. ഹെൽമറ്റഡ് ഹോൺബിൽ ഇനത്തിൽപ്പെട്ട വേഴാമ്പലുകളുടെ പെട്ടെന്ന് തിരിച്ചറിയാത്തതുകൊണ്ടുതന്നെ കാണുന്ന വേഴാമ്പലുകളെയെല്ലാം വെടിവെച്ച് കൊന്ന ശേഷമാണ് അവരിൽ നിന്നും കൊമ്പ് ശേഖരിക്കുന്നത്. ഇത് ഇവരുടെ നിലനിൽപ്പിനെ തന്നെ അപകടകരമായി ബാധിച്ചിട്ടുണ്ട്.
ഒരു വലിയ ഹെൽമറ്റ് വെച്ചത് പോലെ തലയ്ക്ക് മുകളിൽ ഉള്ള കൊമ്പ് പോലെ തോന്നിപ്പിക്കുന്ന ഭാഗമാണ് ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തു. ഈ കൊമ്പ് വെച്ചാണ് ഇവരിലെ ആണുങ്ങൾ തമ്മിൽ പരസ്പരം പോരടിക്കുന്നത്. ഈ കൊമ്പിനു വേണ്ടിയാണ് മനുഷ്യർ ഇവയെ കൊന്ന് ഇല്ലായ്മ ചെയ്യുന്നത്. ഇനിയും ബന്ധപ്പെട്ട അധികൃതർ ഈ നടപടികൾക്കെതിരെ കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ ഭൂമിയിൽനിന്ന് മനുഷ്യന്റെ അനാവശ്യ ഇടപെടൽ മൂലം ഒരു ജീവി കൂടി ഇല്ലാതായേക്കാം.
Post Your Comments