തിരുവനന്തപുരം: വിവാഹ നിശ്ചയത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിൻ ദേവും. വിവാഹം ഒന്നിനും ഒരു തടസ്സമാകില്ലെന്നും സമൂഹം ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുമെന്നും ഇരുവരും വെളിപ്പെടുത്തി. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെന്നും കൃത്യസമയമാകുമ്പോൾ എല്ലാവരെയും അറിയിക്കുമെന്നും സച്ചിൻ പറഞ്ഞു.
‘ഇപ്പോള്‍ വിവാഹ സങ്കല്‍പങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. വിവാഹം പ്രത്യേകമായ പ്രശ്‌നമായി വരുമെന്ന് തോന്നുന്നില്ല. രണ്ടാളുകള്‍ വിവാഹം കഴിക്കുന്നു എന്നതിനർത്ഥം ഏതെങ്കിലും പ്രത്യേക രീതിയില്‍ ജീവിക്കുക എന്നതല്ല. ആര്യ ഏറ്റെടുത്ത ചുമതല അവളും എന്നെയേല്‍പ്പിച്ച ചുമതല ഞാനും ഭംഗിയായി നിര്‍വഹിക്കും. ഞങ്ങള്‍ രണ്ടുപേരും സിപിഐഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ്. വിവാഹ സങ്കല്‍പ്പങ്ങളിലൊക്കെ വളരെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആവശ്യമായ ക്രമീകരണങ്ങളുണ്ടാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകും. സമൂഹം ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കും’, സച്ചിന്‍ ദേവ് പറഞ്ഞു.
Also Read:യാത്രക്കാർക്ക് ക്വാറന്റെയ്ൻ ചാർജ് തിരികെ നൽകണം: വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി സൗദി സിവിൽ ഏവിയേഷൻ
‘ഉത്തരവാദിത്തങ്ങളില്‍ നില്‍ക്കാന്‍ സാധിക്കുന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഞങ്ങളുടെ രാഷ്ട്രീയവും ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമായി. പാര്‍ട്ടി ഏല്‍പ്പിച്ച, ജനങ്ങള്‍ നല്‍കിയ ഉത്തരവാദിത്തങ്ങൾ പൂര്‍ണമായും നിറവേറ്റാന്‍ സാധിക്കും’, ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചു. വിവാഹ നിശ്ചയത്തിന് പിന്നാലെ, ബഷീറിന്റെ വാക്കുകൾ കടമെടുത്ത് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിലെഴുതിയത് ഇങ്ങനെ, ‘സങ്കടങ്ങൾ ചേർത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്’.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിൻ ദേവും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്ന് രാവിലെ 11 മണിക്ക് എ.കെ.ജി സെന്ററിൽ വെച്ചായിരുന്നു നടന്നത്. ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു. ബാലസംഘം മുതൽക്കുള്ള ഇരുവരുടെയും പരിചയമാണ് തുടർന്ന് സൗഹൃദത്തിലും ഇപ്പോൾ വിവാഹത്തിലും എത്തി നിൽക്കുന്നത്. വിവാഹം ഉടനുണ്ടാകില്ലെന്ന് വ്യക്തമാക്കിയ ആര്യ, രണ്ട് പേരും ജനപ്രതിനിധികളായതിനാല്‍ പാര്‍ട്ടിയോട് കൂടി കാര്യം ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്നും വീട്ടുകാരും പാര്‍ട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും വിവാഹം ഉണ്ടാവുക എന്നും അറിയിച്ചിരുന്നു. തമ്മില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് തന്നെ ഒരുപക്ഷെ, എസ്എഫ്‌ഐ എന്ന രാഷ്ട്രീയത്തിന്റെ ഭാഗമായി ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാലാണെന്നും എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്നെ സുഹൃത്തുക്കളായിരുന്നുവെന്നും ആര്യ പ്രതികരിച്ചു.
Post Your Comments