ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്‍ കൊലപാതക കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകനുമായ ആളാണ് അറസ്റ്റിലായത്. ഇതോടെ, കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 12 പേരും പിടിയിലായതായി അന്വേഷണ സംഘം അറിയിച്ചു. ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
അതോടൊപ്പം, കേസിലെ പ്രതികള്‍ക്ക് വ്യാജ സിം കാര്‍ഡ് നല്‍കിയ പുന്നപ്ര തെക്ക് പഞ്ചായത്ത് 12 വാര്‍ഡ് മെമ്പര്‍ സുല്‍ഫിക്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 29 ആയി. കഴിഞ്ഞ ഡിസംബര്‍ 19നാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രണ്‍ജിത് ശ്രീനിവാസനെ 12 അംഗ എസ്ഡിപിഐ സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്.
ഡിസംബര്‍ 19 ന് 12 മണിക്കൂറിന്‍റെ ഇടവേളയിലാണ്, ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ നടന്നത്. എസ്ഡിപിഐ (SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും, ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രണ്‍ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. ഡിസംബര്‍ 19 ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം നടന്നത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ, പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രണ്‍ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ആലപ്പുഴ നഗരഭാഗമായ വെള്ളകിണറിലാണ് ആക്രമണം ഉണ്ടായത്. നേരത്തെ, ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍.
Post Your Comments