കൊച്ചി: പി ശശിയെ വീണ്ടും സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തത് തെറ്റായ സന്ദേശം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നു എന്ന് വേണം ഇതില്‍ നിന്നും മനസിലാക്കാനെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും നിയോഗിക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാന സമ്മേളനത്തിലെ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.
നേരത്തെ, സ്ത്രീ പീഡന പരാതിയില്‍ പി.ശശി അച്ചടക്ക നടപടി നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെറ്റ് തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുമെന്ന് കോടിയേരി വ്യക്തമാക്കിയത്. 89 അംഗ സംസ്ഥാന സമിതിയില്‍ 16 പുതുമുഖങ്ങളാണുള്ളത്. മുന്‍ മാധ്യമപ്രവര്‍ത്തകനും രാജ്യസഭ എംപിയുമായ ജോണ്‍ ബ്രിട്ടാസ്, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു, യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോം, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി വത്സന് പനോളി എന്നിവരും സംസ്ഥാന സമിതിയില്‍ അംഗങ്ങളാവും.പാര്‍ട്ടിയില്‍ സ്ത്രീകളെ രണ്ടാംകിടയായി കാണുന്നതില്‍ മാറ്റമുണ്ടാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Post Your Comments