അബുദാബി: യുക്രൈനിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി യുഎഇ. തങ്ങൾ പ്രമേയത്തിന് അനൂകലമായി വോട്ട് ചെയ്തുവെന്നും സമാധാനത്തിനായി അഭ്യർഥിക്കുന്നതിൽ അംഗരാജ്യങ്ങളുമായി ചേരുന്നുവെന്നും യുഎൻ ജനറൽ അസംബ്ലിയുടെ അടിയന്തര യോഗത്തിൽ സംസാരിക്കവെ യുഎഇ അറിയിച്ചു. രാഷ്ട്രീയകാര്യ സഹ മന്ത്രിയും യുഎഇ അംബാസഡറും യുഎന്നിലെ സ്ഥിരം പ്രതിനിധിയുമായ ലാന നുസൈബെയാണ് ഇക്കാര്യം അറിയിച്ചത്.
സംഘർഷം പരിഹരിക്കുന്നതിന് സംഭാഷണവും ഫലപ്രദമായ നയതന്ത്രവും ആവശ്യമാണെന്ന് യുഎഇ വ്യക്തമാക്കി. പ്രതിസന്ധിയെ നേരിടേണ്ടതിന്റെ ആവശ്യകത യുഎഇ തിരിച്ചറിയുകയും ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്നു. സംഘർഷം അവസാനിപ്പിക്കാൻ ക്രിയാത്മകമായി ഇടപെടാനുള്ള സമയമാണിതെന്നും യുഎഇ ചൂണ്ടിക്കാട്ടി.
അതേസമയം, യുക്രൈനിലെ ദുരിതബാധിതർക്ക് കഴിഞ്ഞ ദിവസം യുഎഇ മാനുഷിക സഹായം പ്രഖ്യാപിച്ചിരുന്നു. 50 ലക്ഷം ഡോളറിന്റെ സഹായമാണ് യുഎഇ പ്രഖ്യാപിച്ചത്. യുണൈറ്റഡ് നേഷൻസിന്റെ ഹ്യുമാനിറ്റേറിയൻ ഫ്ളാഷ് അപ്പീലിനും യുക്രൈനായുള്ള റീജിയണൽ റെഫ്യൂജി റെസ്‌പോൺസ് പ്ലാനിനുമാണു യുഎഇ സംഭാവന നൽകിയത്.
സാധാരണ ജനതയുടെ നില വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളിൽ അവരിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് യുഎഇ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments