തിരുവന്തപുരം: വിമർശനങ്ങളുടെ കൂമ്പാരമായി മാറുകയാണ് എറണാകുളത്ത് നടന്ന പാർട്ടി സംസ്ഥാന സമ്മേളനം. സംസ്ഥാന കമ്മിറ്റിയിലും, സംസ്ഥാന സെക്രട്ടേറിയറ്റിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ സി.പി.എം കൊണ്ടുവന്നപ്പോഴും, സ്ത്രീകളുടെ കാര്യത്തിൽ പാർട്ടി ഇപ്പോഴും യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമാവുകയാണ്. സ്ത്രീപക്ഷ കേരളത്തെ കുറിച്ച് വാചാലരാകുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമായി വരച്ചുകാട്ടുന്നതാണ് പുതിയ സംസ്ഥാന സമിതിയുടെ അംഗസംഖ്യയും പേരുകളും. സി.പി.ഐ.എമ്മിന്റെ 88 അംഗ സംസ്ഥാന കമ്മറ്റിയിൽ വെറും 13 സ്ത്രീകൾ മാത്രമാണുള്ളത്. ചുരുക്കി പറഞ്ഞാൽ, സമത്വം ഒക്കെ പ്രസംഗത്തിൽ മതി, പ്രവൃത്തിയിൽ വേണ്ട എന്ന് തന്നെ. ലിസ്റ്റ് പുറത്തുവന്നതോടെ, ഇതിനെതിരെ രൂക്ഷ വിമർശനവും കടുത്ത പരിഹാസവും സോഷ്യൽ മീഡിയകളിൽ ഉയരുന്നു.
അൻപത് ശതമാനം സ്ത്രീ സാന്നിധ്യം ഉണ്ടായാൽ പാർട്ടി തകരും എന്ന് പച്ചയ്ക്ക് പറയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായം തന്നെയാണോ വിഷയത്തിൽ, സ്ത്രീ സമത്വ പ്രസംഗങ്ങൾ നടത്തുന്ന പാർട്ടി അണികൾക്കും നേതാക്കൾക്കും ഉള്ളതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി 18 പേരാണുള്ളത്. ഇതിൽ ആകെയുള്ള വനിതാ അംഗം പി.കെ.ശ്രീമതി ആണ്. അവിടെയും സ്ത്രീകളെ തഴഞ്ഞു. തലപ്പത്ത് അങ്ങനെയിപ്പോ അധികം സ്ത്രീകളാരും ഇരിക്കേണ്ട എന്ന് തന്നെ ചുരുക്കം.
Also Read:വാക്‌സിൻ സ്വീകരിക്കാത്തവർക്ക് പിസിആർ നെഗറ്റീവ് നിർബന്ധം: അറിയിപ്പുമായി കുവൈത്ത്
പുരോഗമന സ്ത്രീപക്ഷ രാഷ്ട്രീയ നയമാണ് ഞങ്ങൾക്കുള്ളതെന്ന് തള്ളുകൾ നടത്തുന്ന പാർട്ടിയുടെ 88 അംഗ സംസ്ഥാന കമ്മറ്റിയിൽ 44 പെണ്ണുങ്ങൾ ഉണ്ടാകണമായിരുന്നു. അതിൽ ട്രാൻസ് ജെൻഡർ മനുഷ്യരും ഉൾപ്പെടണമായിരുന്നു എന്നൊക്കെ ആഗ്രഹിക്കാൻ കൊള്ളുമെന്നല്ലാതെ, ഈ നൂറ്റാണ്ടിലും അതൊന്നും നടക്കാൻ പോകുന്നില്ലെന്ന് സാക്ഷര കേരളത്തിലെ ജനങ്ങൾക്ക് ഏതാണ്ടൊക്കെ മനസിലായിട്ടുണ്ടെന്ന് വേണം കരുതാൻ എന്നാണ് വിമർശകർ പരിഹസിക്കുന്നത്. ലിംഗ സമത്വത്തിന്റെ രാഷ്ട്രീയ കാലം ഉണ്ടാകും, വരും വരാതിരിക്കില്ല എന്നോർത്ത് പാർട്ടിയിലെ സ്ത്രീകൾക്ക് ആശ്വസിക്കാം.
‘സ്ത്രീ സുരക്ഷയെ കുറിച്ചും, ലിംഗ സമത്വത്തെ കുറിച്ചും തെരുവുകളിൽ ഘോര ഘോരം പ്രസംഗിക്കുക സി.പി.എമ്മിൽ നിന്ന് നിങ്ങൾ ഇത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളോ സഖാക്കളേ’ എന്ന് ചോദിച്ചാൽ അതിനും അവർക്ക് മറുപടിയുണ്ട്. പുതിയ കമ്മിറ്റിയിൽ 13 സ്ത്രീകളുണ്ട്, കഴിഞ്ഞ തവണ 11 പേരായിരുന്നു ഉണ്ടായിരുന്നത് എന്നായിരിക്കും ആ ഉത്തരം. അവരുടെ കണക്കിൽ, ഇപ്പോഴുള്ളതിൽ ഏകദേശം 15 ശതമാനം പേരും സ്ത്രീകളാണത്രെ. ചുരുക്കി പറഞ്ഞാൽ, പതുക്കെ പതുക്കെ വളർന്നാൽ മതിയെന്ന പാർട്ടിയുടെ ‘മൗനാഭിപ്രായ’ത്തിന് കൈയ്യടിക്കുന്നവരാണിവർ. അവരെയും കുറ്റം പറയാൻ പറ്റില്ല, ഈ പാർട്ടിയിൽ ഇങ്ങനെയൊക്കെയേ കാര്യങ്ങൾ നടക്കുകയുള്ളൂ എന്ന് അവരും തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ഇതിനെല്ലാം അടിവരയിടുന്നത്, ഇന്നലെ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ വാക്കുകളാണ്. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയില്‍ അമ്പത് ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന്, ‘പാര്‍ട്ടിയെ തകര്‍ക്കാനാണോ നിങ്ങള്‍ നോക്കുന്നതെ’ന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്. കമ്മറ്റിയെ തകര്‍ക്കാനാണോ, അതോ പ്രയോഗികമായ നിര്‍ദ്ദേശം വെക്കാനാണോ ഈ ചോദ്യമെന്ന് കോടിയേരി ചോദിച്ചു. ഇത് പ്രായോഗികമായ നിർദ്ദേശമല്ലെന്നും കോടിയേരി വിശദീകരിച്ചു. സ്ത്രീപുരുഷ സമത്വം വേണമെന്നും പുരുഷമേധാവിത്വം ഇല്ലാതാക്കണമെന്നും പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് കോടിയേരി ഈ മറുപടി പറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.
Post Your Comments