കീവ്: റഷ്യ – ഉക്രൈൻ യുദ്ധത്തിനിടെ, ഉക്രൈനിൽ നിന്നും ദാരുണാകരമായ മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നു. മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരണമടഞ്ഞു. പഞ്ചാബ് സ്വദേശി ചന്ദൻ ജിൻഡാളാണു മരിച്ചത്. പക്ഷാഘാതം മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ചന്ദൻ ഇന്ന് ഉച്ചയോടെയാണ് മരണമടഞ്ഞത്. വിനീസിയ മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ് ചന്ദൻ. കഴിഞ്ഞ കുറച്ച് ദിവസമായി കോമയിൽ അബോധാവസ്ഥയിലായിരുന്നു ചന്ദൻ എന്നാണ് സഹപാഠികൾ വ്യക്തമാക്കുന്നത്. ചന്ദന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഇന്ത്യാ ഗവൺമെന്റിന് കത്തെഴുതിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം ഖാർകീവിലെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക വിദ്യാർത്ഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ ശ്രമങ്ങളും കേന്ദ്രം നടത്തുന്നുണ്ട്. ഖാർകീവിലെ ഒരു ആശുപത്രിയിലുള്ള മോർച്ചറിയിലാണ് നവീന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സാഹചര്യം അനുകൂലമായാൽ മാത്രമേ, മൃതദേഹം കൊണ്ടുവരാനാകൂ എന്നാണ് എംബസി വ്യക്തമാക്കുന്നത്. ഇരുവരുടെയും മൃതദേഹം ഒരുമിച്ച് എത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ, കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് പോലെ തന്നെ, മറ്റ് രാജ്യങ്ങൾ മാർഗമാകാം ഇരുവരുടെയും മൃതദേഹങ്ങളും നാട്ടിലെത്തിക്കുക.
അതേസമയം, നവീൻ കൊല്ലപ്പെട്ട ഖാർകീവ് നഗരത്തിൽ ഷെല്ലാക്രമണം ഇപ്പോഴും രൂക്ഷമാവുകയാണ്. എത്രയും പെട്ടെന്ന് ഖാർകീവ് വിടണമെന്നാണ് ഇന്ത്യക്കാർക്ക് എംബസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പ്രാദേശിക സമയം ആറ് മണിക്ക് മുമ്പ് ഖാർകീവ് വിടണമെന്നാണ് നിർദേശം. പെസോചിൻ, ബബയെ, ബെസ്ലുഡോവ്ക എന്നിവിടങ്ങളിലേക്ക് നടന്നാണെങ്കിലും എങ്ങനെയെങ്കിലും കഴിവതും നേരത്തെ എത്താൻ ശ്രമിക്കണമെന്നും നിർദേശത്തിലുണ്ട്.
Post Your Comments