ന്യൂഡൽഹി: ഇന്ത്യക്കാർക്കു പുറമേ പാക്കിസ്ഥാൻ, തുർക്കി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും യുക്രെയ്നിൽ നിന്നു രക്ഷപ്പെടാൻ ഇന്ത്യൻ ദേശീയ പതാക ഉപയോഗിക്കുന്നുണ്ടെന്ന് റുമാനിയയിലെത്തിച്ചേർന്ന ഇന്ത്യൻ വിദ്യാർത്ഥികൾ. ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ ഇന്ത്യൻ പതാക വാഹനങ്ങളിലും മറ്റും ഉപയോഗിക്കണമെന്നു കേന്ദ്രസർക്കാർ നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ്, ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയ്ന്റെ അയൽരാജ്യങ്ങളിലേക്കു കടക്കാൻ ഇന്ത്യൻ ദേശീയ പതാകയുമായെത്തുന്നത്.
ഇന്ത്യൻ പതാക കയ്യിലുണ്ടായിരുന്നതിനാൽ, വഴിയിൽ ആക്രമണങ്ങളൊന്നും നേരിട്ടില്ലെന്നും യാത്രാ തടസ്സങ്ങൾ മറികടക്കാൻ സാധിച്ചെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. യുക്രെയ്നിലെ ഒഡേസയിൽനിന്ന് റൊമാനിയയിലേക്കെത്തിയ വിദ്യാർത്ഥികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം, പാക്കിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികളും ഇന്ത്യൻ പതാകയുമായി അതിർത്തികൾ കടക്കുന്നുണ്ടെന്നും ഒരു മെഡിക്കൽ വിദ്യാർത്ഥിയെ ഉദ്ധരിച്ച്, ദേശീയ വാർത്താ ഏജൻസിയായ എഎൻഐ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments