
തൃശൂർ: കഞ്ചാവിന്റെ ലഹരിയിൽ വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ചേരി സ്വദേശികളായ വലിയവീട്ടിൽ അക്ഷയ് (21), അയിരി പറമ്പിൽ യദുകൃഷ്ണൻ (21), പറോളി ചിറയത്ത് ബിസ് വിൻ (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. അവിണിശേരി പൂതേരി രാജുവിന്‍റെ വീട്ടിലേക്കാണ് ഇവർ അതിക്രമിച്ച് കയറിയത്. തുടർന്ന് ഇരുമ്പുവടികളുമായി രാജുവിനെ ആക്രമിക്കുകയായിരുന്നു. പെരിഞ്ചേരി പള്ളി പെരുന്നാളിന് രാജുവിന്റെ മകനുമായുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണം.
വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ മൂവരെയും നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച ആയുധവും ബൈക്കും പൊലീസ് പിടിച്ചെടുത്തു. എസ്.ഐമാരായ അനുദാസ്, പൗലോസ്, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ് കെ. മാരാത്ത്, ശ്രീനാഥ് എന്നിവരാണ് അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments