ബുച്ചാറസ്റ്റ്: ഇന്ത്യൻ ദേശീയ പതാക മുറുക്കെപ്പിടിച്ച് ഉക്രൈനിൽ നിന്നും രക്ഷപ്പെടുന്നവരിൽ ടർക്കിഷ്, പാകിസ്ഥാൻ വിദ്യാർത്ഥികളുമുണ്ട്. പാകിസ്ഥാനിൽ നിന്നും തുർക്കിയിൽ നിന്നും ഉക്രൈനിലെത്തിയവർ ‘ഉക്രൈൻ – റഷ്യ’ അപ്രതീക്ഷിത യുദ്ധത്തിന്റെ ഞെട്ടലിലാണ്. രക്ഷപെടാനായി ഇക്കൂട്ടർ മുറുകെ പിടിച്ചത് ഇന്ത്യൻ പതാകയിലാണ്. യുദ്ധത്തിൽ തകർന്ന ഉക്രൈനിൽ നിന്ന് റൊമാനിയൻ നഗരമായ ബുച്ചാറസ്റ്റിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ ആണ്, തങ്ങളെ പോലെ തന്നെ ഇന്ത്യൻ പതാകയുമായി നിരവധി പാകിസ്ഥാനി, ടർക്കിഷ് വിദ്യാർത്ഥികൾ നിരവധി ചെക്ക്പോസ്റ്റുകൾ കടന്നതായി വെളിപ്പെടുത്തിയത്.
യുദ്ധത്തിൽ തകർന്ന രാജ്യത്തെ വിവിധ ചെക്ക്‌പോസ്റ്റുകൾ സുരക്ഷിതമായി മറികടക്കാൻ ഇന്ത്യൻ ദേശീയ പതാകയാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഉപയോഗിക്കുന്നതെന്ന് നേരത്തെ, റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ്, ഇന്ത്യൻ വിദ്യാർത്ഥികൾ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ‘ഓപ്പറേഷൻ ഗംഗ’യുടെ ഭാഗമായി ഉക്രൈനിൽ നിന്നുള്ളവരോട് റൊമാനിയയിൽ എത്താൻ ഇന്ത്യൻ എംബസി കൃത്യമായ നിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ്, ഇന്ത്യൻ പതാകയേന്തി വിദ്യാർത്ഥികൾ ചെക്ക്പോസ്റ്റുകൾ മറികടന്ന് സുരക്ഷിതരായി റൊമാനിയയിൽ എത്തിയത്.
‘ഇന്ത്യക്കാരനായിരിക്കുന്നതും ഇന്ത്യൻ പതാക കൈയ്യിൽ കരുതുന്നതും തങ്ങളുടെ സുരക്ഷയ്ക്ക് നല്ലതാണെന്ന് ഉക്രൈനിലുള്ളവർ ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ഞങ്ങളുടെ കൈയ്യിൽ ദേശീയ പതാക ഉണ്ടായിരുന്നില്ല. ഞങ്ങളിൽ പലരും മാർക്കറ്റിലേക്ക് ഓടി, കുറച്ച് പെയിന്റ് സ്പ്രേയും കബോർഡും സ്ക്രീനും വാങ്ങി. സ്പ്രേ പെയിന്റ് ഉപയോഗിച്ച് ഞങ്ങൾ മൂവർണ്ണ പതാകയുണ്ടാക്കി’, തെക്കൻ ഉക്രൈനിലെ ഒഡെസയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥി വിശദീകരിച്ചു.
ചില പാക്കിസ്ഥാൻ, തുർക്കി വിദ്യാർത്ഥികൾ പോലും ഇന്ത്യൻ പതാക ഉപയോഗിച്ചാണ് ചെക്ക്‌പോസ്റ്റുകൾ കടന്നതെന്നും അവർ കൂട്ടിച്ചേർത്തു. ‘ടർക്കിഷ്, പാകിസ്ഥാൻ വിദ്യാർത്ഥികളും ഇന്ത്യൻ പതാക ഉപയോഗിച്ചു. ഇന്ത്യൻ പതാക പാകിസ്ഥാനി, തുർക്കി വിദ്യാർത്ഥികളെ വളരെയധികം സഹായിച്ചു’, ഇവർ പറയുന്നു.
‘ഞങ്ങൾ ഒഡെസയിൽ നിന്ന് ഒരു ബസ് ബുക്ക് ചെയ്ത് മോൾഡോവ അതിർത്തിയിൽ എത്തി. മോൾഡോവൻ പൗരന്മാർ വളരെ നല്ലവരായിരുന്നു. അവർ ഞങ്ങൾക്ക് സൗജന്യ താമസവും റൊമാനിയയിലേക്ക് പോകാൻ ടാക്‌സിയും ബസും നൽകി. ഇന്ത്യൻ എംബസി ഇതിനോടകം തന്നെ ക്രമീകരണങ്ങൾ എല്ലാം ചെയ്തിരുന്നതിനാൽ, മോൾഡോവയിൽ തങ്ങൾക്ക് കൂടുതൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നില്ല. ഒരു വിദ്യാർത്ഥി ഇവിടെ എത്തുമ്പോൾ, അവനെ അല്ലെങ്കിൽ അവളെ ആദ്യം ശരിയായ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും രജിസ്ട്രേഷൻ ചെയ്ത ശേഷം കൃത്യസമയത്ത് ഭക്ഷണം നൽകുകയും അവരെ നാട്ടിലെത്തിക്കാനുള്ള തീയതി നൽകുകയും ചെയ്യും’, വിദ്യാർത്ഥി പറയുന്നു.
ഇന്ത്യയിലേക്കുള്ള വിമാനത്തിനായി കാത്തിരിക്കുന്ന തങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും ഒരുക്കിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് വിദ്യാർത്ഥികൾ നന്ദി അറിയിച്ചു. അതേസമയം, തിങ്കളാഴ്ച രാവിലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷം, ഇന്ത്യൻ സർക്കാർ നാല് കേന്ദ്ര കാബിനറ്റ് മന്ത്രിമാരെ ഉക്രൈന്റെ അയൽരാജ്യങ്ങളിലേക്ക് അയച്ചിരുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇവരാണ്.
Post Your Comments