മലപ്പുറം സംഭവം: ഇരയോടുള്ള സർക്കാർ സമീപനം മനുഷ്യത്വവിരുദ്ധമെന്ന് കെ.സുരേന്ദ്രൻ

മലപ്പുറം: മനുഷ്യമനസാക്ഷിയെ നടുക്കിയ മലപ്പുറത്തെ ബലാത്സംഗത്തിനിരയായ പെൺകുട്ടിയോടും കുടുംബത്തോടുമുള്ള സർക്കാർ സമീപനം മനുഷ്യത്വവിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലപ്പുറം അരീക്കോട് പീഡനത്തിനിരയായ പെൺകുട്ടിയെയും കുടുംബത്തെയും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബുദ്ധിമാന്ദ്യമുള്ള ഒരു പെൺകുട്ടി ശരീരം തളർന്ന് കിടപ്പിലായ അമ്മയുടെ മുമ്പിൽ വെച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ്. മലപ്പുറത്തെ എംപിമാരും എംഎൽഎമാരും ഉൾപ്പെടെ ജനപ്രതിനിധികൾ ആരും സംഭവത്തിൽ ഇടപെട്ടില്ല. കുറ്റവാളി സംഘടിത ശക്തിയുടെ പിന്തുണയുള്ളയാളായതാണ് സർക്കാരിന്റെ നീതി നിഷേധത്തിന് കാരണം. ഇത് തികഞ്ഞ വിഭാഗീയതയാണ്. ഇത് ഒരു സാധാരണ പീഡനമല്ലേയെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ചോദിച്ചത്. ഇത്തരക്കാർ കേസ് അന്വേഷിച്ചാൽ ഇരയ്ക്ക് നീതികിട്ടില്ല. കേസ് അന്വേഷണം ശരിയായ നിലയിലല്ലെന്നും വോട്ട്ബാങ്ക് ശക്തികളുടെ താത്പര്യമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു.

Read Also  :  ‘ദയവ് ചെയ്ത് ആരും ബങ്കർ വിട്ട് പുറത്തിറങ്ങരുത്, എംബസി മുന്നറിയിപ്പ് നൽകിയതാണ്’: ഉക്രൈനിൽ നിന്നും മലയാളി വിദ്യാർത്ഥിനി

സർക്കാർ അനുവദിച്ചാൽ പെൺകുട്ടിയേയും കുടുംബത്തെയും സംരക്ഷിക്കാൻ ബിജെപി തയ്യാറാണ്. പാർശ്വവത്ക്കരിക്കപ്പെട്ട കുടുംബത്തിന് വേണ്ടി സംസാരിക്കാൻ ബിജെപി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. അടിയന്തരമായി മുഖ്യമന്ത്രി ഈ കുടുംബത്തെ സന്ദർശിക്കണം. അവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സർക്കാർ എടുക്കണമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Read Also  :  ‘ഗജവീരന്മാർക്ക് ഇനി ഗജകേസരി യോഗം’, ഇരുമ്പ് തോട്ടി ഉപയോഗിക്കുന്നത് വിലക്കി വനം വകുപ്പ്

രാഷ്ട്രീയ അക്രമങ്ങളിൽ പരിക്കേറ്റവർക്ക് വരെ സഹായം കൊടുക്കുന്ന സർക്കാരാണിത്. മലപ്പുറം വീണ്ടും വർഗീയതയുടെ കേന്ദ്രമാവുകയാണ്. മലപ്പുറത്തെ അധികൃതർ പൂർണ്ണ പരാജയമാണ്. കളക്ടറും പൊലീസും എവിടെയാണുള്ളത്? ഇത്തരം ഭീകരമായ സംഭവം നടന്നിട്ട് ആ കുടുംബത്തെ തിരിഞ്ഞു നോക്കാൻ പോലും അവർക്ക് സമയമില്ല. ഇരയ്ക്ക് നിതീ കിട്ടിയില്ലെങ്കിൽ മലപ്പുറത്ത് വലിയ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Share
Leave a Comment