കൊച്ചി: തന്നെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാർട്ടിക്ക് കത്ത് നൽകിയെന്ന് ജി. സുധാകരൻ സ്ഥിരീകരിച്ചു. കത്ത് കൊടുത്ത വിവരം പുറത്ത് ആരോടും പറഞ്ഞിരുന്നില്ല. തന്റെ ആവശ്യത്തിൽ അന്തിമമായി തീരുമാനം എടുക്കേണ്ടത് പാർട്ടി ആണെന്ന് ജി. സുധാകരൻ പറഞ്ഞു.
സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹം ഇല്ലെന്ന് വ്യക്തമാക്കി ജി. സുധാകരൻ പാർട്ടി സെക്രട്ടറിക്കും, മുഖ്യമന്ത്രിക്കുമാണ് കത്ത് നൽകിയത്. സംസ്ഥാന സമിതിയിൽ 75 വയസ്സ് എന്ന പ്രായപരിധി കർശനമാക്കുമെന്ന തീരുമാനത്തിലേക്ക് പാർട്ടി കടക്കുമ്പോൾ, 75 വയസ്സുള്ള ജി. സുധാകരന് ഇളവു ലഭിക്കും എന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ്, തുടരാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയുള്ള കത്ത് ജി. സുധാകരൻ പാർട്ടി സെക്രട്ടറിക്കും, മുഖ്യമന്ത്രിക്കും നൽകിയത്. എന്നാൽ, ജി. സുധാകരനെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കാൻ ആകില്ലെന്ന നിലപാടിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ജി. സുധാകരനെതിരെ രൂപംകൊണ്ട പുതിയ ചേരി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പടനിലം സ്കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തിൽ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരൻ പിന്തുണച്ചുവെന്നാണ് ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ ആരോപിച്ചിരുന്നത്. സുധാകരൻ്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയിൽ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമർശനം ഉയർത്തിയിരുന്നു.
Post Your Comments