മോസ്കോ: യുക്രെയ്നനെതിരെ ആണവായുധം ഉപേയോഗിക്കുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഭീഷണിക്കു പിന്നാലെ ബെലാറൂസ്, ‘ആണവായുധ മുക്ത രാഷ്ട്രപദവി’ നീക്കി ഭരണഘടനാ ഭേദഗതി പാസാക്കി. ഇതോടെ, റഷ്യൻ ആണവായുധങ്ങൾ ബെലാറൂസിൽ വിന്യസിക്കാനുള്ള തടസ്സം നീങ്ങി. ബെലാറൂസ് അതിർത്തിയിൽനിന്നുള്ള മിസൈൽ പരിധിയിൽ യുക്രെയ്ൻ തലസ്ഥാനമായ കീവ് ഉൾപ്പെടും.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആണവ ശക്തിയാണ് റഷ്യ. യുക്രെയ്നിലെ സംഘർഷത്തിൽ നേരിട്ട് ഇടപെടുന്ന ഏതൊരു രാജ്യത്തിനും എതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് റഷ്യ പറഞ്ഞിരുന്നു. ആണവ പ്രതിരോധ സേനയെ സ്പെഷ്യൽ ഡ്യൂട്ടിയിൽ ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പുട്ടിൻ നിർദ്ദേശം നൽകിയിരുന്നു.
റഷ്യയ്ക്കു മേൽ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം യുക്രെയ്നെ സഹായിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഇത്തരത്തിൽ ഒരു നിർദ്ദേശത്തിനു പിന്നിൽ. അതേസമയം, ബെലാറൂസ് അതിർത്തി നഗരമായ ഗോമലിൽ വച്ച് റഷ്യൻ–യുക്രെയ്ൻ പ്രതിനിധികൾ ചർച്ച നടത്തുന്നുണ്ട്.
Post Your Comments